ബാഗ്ദാദി കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാറിഷ ഗ്രാമത്തിൽ യുഎസ് പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ രക്ഷപ്പെടാനാവാത്ത ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഭീരുവിനെ പോലെയാണ് മരണംവരിച്ചതെന്നു ട്രംപ് പറഞ്ഞു. സൈന്യം ഇരച്ചെത്തി യപ്പോൾ രക്ഷപ്പെടാൻ ആവാതെ ഒരു തുരങ്കത്തിലൂടെ അലറിവിളിച്ച് കരഞ്ഞുകൊണ്ടോടി, ദേഹത്ത് കെട്ടിവച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിച്ചു. ചിതറിത്തെറിച്ച മൃതദേഹം ഡിഎൻഎ പരിശോധന നടത്തിയാണ് ബാഗ്ദാദി തന്നെയെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ രണ്ടു ഭാര്യമാരും മൂന്നുമക്കളും കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞു. 11 മക്കളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
രാത്രിയിൽ പിഴക്കാതെ നടത്തിയ ധീരമായ സൈനിക നടപടി എന്നാണ് ട്രംപ് സംഭവത്തെ വിശേഷിപ്പിച്ചത്. യുഎസ് സൈനികർക്ക് നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. ബാഗ്ദാദിയുടെ സംഘത്തിലെ ഏതാനും പേർ കൊല്ലപ്പെട്ടിട്ടുണ്ട്.