Top Stories
മഹാരാഷ്ട്രയിൽ വിട്ടുവീഴ്ചയില്ലാതെ ശിവസേന
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെടാൻ ശിവസേന തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണപ്രകാരം 50:50 ഫോർമുല നടപ്പാക്കണമെന്നും ഇതുപ്രകാരം മുഖ്യമന്ത്രിസ്ഥാനം പങ്കിടണം എന്നാണ് ശിവസേനയുടെ ആവശ്യം.
ആദിത്യ താക്കറെ മുഖ്യമന്ത്രിയാക ണമെന്നാണ് ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഉദ്ധവ് താക്കറെ യോഗം ചുമതലപ്പെടുത്തി.
ആദ്യത്തെ രണ്ടരവർഷം മുഖ്യമന്ത്രിപദം തരണമെന്നാണ് ശിവസേനയുടെ ആവശ്യം. കൂടാതെ മന്ത്രി പദവികളിൽ 50 ശതമാനവും നൽകണം. എന്നാൽ ആഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രി പദത്തിന് ശിവസേന വഴങ്ങിയേക്കുമെന്നും സൂചനയുണ്ട്. പാർട്ടി സ്ഥാപിച്ചതിനു ശേഷം ആദ്യമായാണ് താക്കറെകുടുംബത്തിൽ നിന്നും ഒരാൾ എംഎൽഎ ആകുന്നത്.
288 അംഗ സഭയിൽ കഴിഞ്ഞ തവണ122 എംഎൽഎമാർ ഉണ്ടായിരുന്ന ബിജെപി ഇത്തവണ105 സീറ്റുകളിൽ ഒതുങ്ങിയത് ആണ് ശിവസേനയുടെ വിലപേശലിന് ശക്തി കൂടിയത്. ശിവസേന ആകട്ടെ63 സീറ്റുകളിൽ നിന്ന് 56 സീറ്റുകളിലേക്ക് താഴ്ന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തു നിർത്താൻ കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാനും പൃഥ്വിരാജ് ചവാൻ അഭിപ്രായപ്പെട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കി.
എന്നാൽ ശിവസേനയെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല എന്ന് കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപി നേതാവ് ശരത് പവാർ പറഞ്ഞു.
നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കാൻ ഒക്ടോബർ 30ന് ബിജെപി എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി പദം കീറാമുട്ടി ആവുകയാണെങ്കിൽ ഉദ്ധവിനെ കാണാൻ അമിത് ഷാഎത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.