Top Stories
പ്രവാസികൾക്ക് നിയമസഹായവുമായി കേരള സർക്കാർ
കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്‍റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണിത്. കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലാണ് പദ്ധതി നിലവില്‍ വന്നത്. മറ്റ് രാജ്യങ്ങളിലും ഈ പദ്ധതി ഉടന്‍ നിലവില്‍ വരും.
ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമ സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. ഒരുവിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളിലാവുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്‍റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാന്‍ കഴിയും.
പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, [email protected], [email protected] എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.