Top Stories
ആരോഗ്യ അടിയന്തരാവസ്ഥയിൽ ഡൽഹി
വായുമലിനീകരണം ഗുരുതരമായ അതോടെ ഡൽഹിയിൽ സംസ്ഥാന സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയരുന്ന സന്ദർഭങ്ങളിൽ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളാണ് ആരോഗ്യ അടിയന്തരാവസ്ഥ.
വായു നിലവാര സൂചികയിൽ മലിനീകരണ തോത് 200 എന്ന അളവ് കടന്നാൽ അന്തരീക്ഷ നില സുരക്ഷിതമല്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വെള്ളിയാഴ്ചരാവിലെ എട്ടരയോടെ സൂചികയിൽ 459 രേഖപ്പെടുത്തി. വ്യാഴാഴ്ച 410 ആയിരുന്നു സൂചിക. പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ മലിനവായു കെട്ടി കിടക്കുന്നതിനാൽ ഡൽഹിയിലെ സ്കൂളുകൾക്ക് ഈ മാസം അഞ്ചു വരെ അവധി പ്രഖ്യാപിച്ചു. നിർമ്മാണപ്രവർത്തനം നിരോധിക്കുന്നതിനും ട്രക്കുകൾ നിരോധിക്കുന്നത് അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി നിരീക്ഷണ സമിതി. ഡൽഹിയിലെ 37 വായു നിരീക്ഷണ കേന്ദ്രങ്ങളിലും അന്തരീക്ഷനില അപകടകരമായ അളവിൽ രേഖപ്പെടുത്തി. തിങ്കളാഴ്ച മുതൽ സർക്കാർ വാഹനം നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഭാതസവാരിയും ഏറെ വൈകിഉള്ള നടത്തവും ഒഴിവാക്കണമെന്ന് നഗരവാസികൾക്ക് സർക്കാർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ദീപാവലി ദിനത്തിൽ വ്യാപകമായ പടക്കം പൊട്ടിച്ചതും, ഹരിയാനയിലും പഞ്ചാബിലും യുപിയിലും വിളവെടുപ്പിനു ശേഷം പാടത്ത് അവശിഷ്ടങ്ങൾ കത്തിച്ചതും, കാറ്റിന്റെ വേഗത കുറവും ഒക്കെയാണ് അന്തരീക്ഷത്തിൽ വിഷപ്പുക കെട്ടിനിൽക്കാൻ കാരണമെന്ന് വിദഗ്ധർ.