Top Stories
കുട്ടനാട്ടിലെ നെൽകർഷകരുടെ കണ്ണീരൊപ്പണമെന്നു രമേശ് ചെന്നിത്തല
രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ശ്രദ്ധ നേടാതെ പോകുന്ന, കുട്ടനാട്ടിലെ 2000 ഹെക്ടർ കൃഷി മഴ മൂലം നശിച്ചത് നേരിൽ കണ്ടറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്,
“രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ ശ്രദ്ധ നേടാതെ പോകുന്ന വാർത്തയാണ് തോരാമഴയിലെ കുട്ടനാട് നെൽകർഷകന്റെ കണ്ണീര്.
കുട്ടനാട്ടിൽ 2000 ഹെക്ടർ കൃഷിയാണ് മഴ മൂലം നശിച്ചിരിക്കുന്നത്.157 കോടിയുടെ നഷ്ടമുണ്ട് എന്നാണ് പ്രാഥമിക കണക്ക്.
കുട്ടനാട് സന്ദർശിച്ച് പാടശേഖര സമിതിയിലുള്ളവരുമായി സംസാരിച്ചു. ഒരേക്കറിന് 65,000 രൂപ വീതമെങ്കിലും നഷ്ടപരിഹാരമായി നൽകണം. ആലപ്പുഴ ജില്ലയിൽ അടിക്കടി കളക്ടർമാർ മാറുന്നതും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനെ ബാധിക്കുന്നതായി കർഷകർ പറഞ്ഞു.
കൊയ്യാനായി രണ്ടോ മൂന്നോ ദിവസം മാത്രം ബാക്കി നിൽക്കെയാണ് കുട്ടനാടിനെ മഴ ചതിക്കുന്നത്. പൂർണ വളർച്ചയെത്തിയിട്ടും കൊയ്യാനാവാതെ വീണുപോയ കതിരിലെ നെല്ല് ദിവസങ്ങൾ കഴിഞ്ഞതോടെ കിളിർത്തു തുടങ്ങി. ഇങ്ങനെ വാരിപ്പിടിച്ച നെല്ലാണ് എന്റെ കൈയിലുള്ളത്…
കർഷകന്റെ നീറുന്ന ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകി. നമ്മെ അന്നമൂട്ടുന്ന ഈ മണ്ണിന്റെ മക്കളുടെ കണ്ണീര് തുടയ്ക്കാൻ സർക്കാർ ഉടൻ തയാറാകണം.”