പത്തനംതിട്ടയില്‍ കാര്‍ഡിയോളജിസ്റ്റും കാത്ത് ലാബും സജ്ജം: വീണാ ജോര്‍ജ് എംഎല്‍എ
പത്തനംതിട്ട:> ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തെ പൂര്‍ണ സജ്ജീകരിച്ചിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഒരു കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കും. എല്ലാ സൗകര്യവും അടങ്ങിയ കാത്ത് ലാബും സജ്ജമാണ്.
പത്തനംതിട്ട ശബരിമല ഇടത്താവളത്തിലെ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് കൂട്ടായ പരിശ്രമം നടത്തും. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ദുരിതാവസ്ഥ പരിഹരിക്കുന്നതിന് താത്കാലിക പരിഹാര നടപടി നഗരസഭ സ്വീകരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി 35 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതിനുള്ള നടപടികള്‍ പുനരാരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു. ഏനാത്ത് -ചന്ദനപ്പള്ളി – കൈപ്പട്ടൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മണ്ഡലകാലത്തിന് മുന്‍പ് തുടങ്ങണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് എംഎല്‍എ നിര്‍ദേശം നല്‍കി.