Top Stories
അഭിഭാഷകരും പോലീസുകാരുമായി ഏറ്റുമുട്ടൽ നിരവധി വാഹനങ്ങൾ കത്തിച്ചു
ന്യൂഡൽഹി: ഓൾഡ് ഡൽഹിയിലെ തിസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസുകാരുമായി സംഘർഷം. പോലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി.
അഭിഭാഷകന്റെ കാറിൽ പോലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്ത അഭിഭാഷകനെ പോലീസ് മർദ്ദിച്ചതാണ് സംഘർഷത്തിന് കാരണമായത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിതീകരിച്ചിട്ടില്ല.സംഘർഷത്തി ൽ ഒരു അഭിഭാഷകന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ ഏതാനും അഭിഭാഷകരെ സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പോലീസ് വാൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ സംഘർഷത്തിൽ അഗ്നിക്കിരയായി. കോടതിയിലേക്കുള്ള കവാടങ്ങൾ എല്ലാം പോലീസ് അടച്ചിരിക്കുകയാണ്. കോടതി പരിസരത്തേക്ക് മാധ്യമപ്രവർത്തകരുടെ പ്രവേശനം വിലക്കിയിട്ടുണ്ട്.
തീസ് ഹസാരി കോടതിയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി ഡൽഹി ഹൈക്കോടതിയിലും സംഘർഷമുണ്ടായി. ഡൽഹി ഹൈക്കോടതി പരിസരത്തും ഒരു വാഹനം അഗ്നിക്കിരയാക്കി.
വായു മലിനീകരണത്തിന്റെ മൂർദ്ധന്യതയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ, പോലീസ് അഭിഭാഷക സംഘർഷത്തെത്തുടർന്ന് അഗ്നിക്കിരയാക്കിയ വാഹനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങളും പുകയും അന്തരീക്ഷം ആകെ നിറഞ്ഞു നിൽക്കുന്നു.