Top Stories
ശബരിമല തീര്‍ഥാടകര്‍ കുപ്പിവെള്ളം ഉപേക്ഷിക്കണമെന്ന് ദേവസ്വം മന്ത്രി
shabarimala
പത്തനംതിട്ട : ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പികള്‍ പരിസരമലിനീകരണം സൃഷ്ടിക്കുന്നവയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടനകാലത്ത് അയ്യപ്പഭക്തര്‍ക്ക് ആവശ്യത്തിനുള്ള ശുദ്ധമായ കുടിവെള്ളം നിലയ്ക്കല്‍, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ ഓരോ അന്‍പത്, നൂറ് മീറ്റര്‍ ഇടവിട്ട് ഒരുക്കും. തീര്‍ഥാടകര്‍ കഴിവതും കുപ്പിവെള്ളം കരുതാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തീര്‍ഥാടനകാലത്ത് വിതരണംചെയ്യുന്ന കുടിവെള്ളം, ചുക്കുവെള്ളം എന്നിവയുടെ ഗുണമേന്മ ഉറപ്പുവരുത്തും. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനായി കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുപ്പിവെള്ളം ഉപയോഗിച്ചു കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പമ്പയില്‍ വലിയ പരിസ്ഥിതിമലിനീകരണം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ദര്‍ശനം കോംപ്ലക്‌സില്‍ മീഡിയാസെന്റര്‍ ഒരുങ്ങി
ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ദര്‍ശനം കോംപ്ലക്‌സില്‍ മാധ്യമങ്ങള്‍ക്കായി മീഡിയസെന്റര്‍ ഒരുങ്ങി. ദേവസ്വം ബോര്‍ഡ് മൂന്ന് നിലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദര്‍ശനം കോംപ്ലക്‌സില്‍ ഈ മണ്ഡലകാലം മുതലാണ് പുതിയ മീഡിയസെന്റര്‍ പ്രവര്‍ത്തിക്കുക. അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം, ഒപ്റ്റിക്കല്‍ ഫൈബര്‍ സര്‍വീസ്, ലീസ്ഡ് ലൈന്‍ സര്‍വീസ് എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ബി.എസ്.എന്‍.എല്ലിന്റെയും കെ.എസ്.ഇ.ബിയുടെയും സഹകരണത്തോടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.