Top Stories

വാഹനപരിശോധന സമയത്ത് ഡിജി ലോക്കര്‍, എം-പരിവാഹന്‍ എന്നിവ മുഖാന്തിരം ഹാജരാക്കുന്ന രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണം – ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐ.റ്റി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കര്‍,  കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം-പരിവാഹന്‍ എന്നീ ആപ്ലിക്കേഷനുകള്‍ മുഖാന്തരം വാഹനപരിശോധന സമയത്ത് ഹാജരാക്കുന്ന രേഖകള്‍ ആധികാരിക രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നെസ്, പെര്‍മിറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.  ഡിജി ലോക്കര്‍, എം-പരിവാഹന്‍ എന്നിവയെ മോട്ടോര്‍ വാഹന രേഖകള്‍ ആധികാരികമായി സൂക്ഷിക്കാവുന്ന ആപ്ലിക്കേഷനുകളായി അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിതിനു ശേഷവും സംസ്ഥാനത്ത് പലസ്ഥലങ്ങളിലും അവ വഴി ഹാജരാക്കുന്ന രേഖകള്‍ക്ക് സ്വീകാര്യത കിട്ടാതെ വരുന്ന സാഹചര്യത്തിലാണ് വീണ്ടും നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
 ഡിജി ലോക്കര്‍, എം-പരിവാഹന്‍ ആപ്ലിക്കേഷനുകളില്‍ വാഹനരേഖകള്‍ സൂക്ഷിച്ചിട്ടുളളവര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ പരിശോധന സമയത്ത് അവ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും ഉദ്യോഗസ്ഥര്‍ക്ക്  വാഹന ഉടമയുടെ ഡിജി ലോക്കര്‍ നമ്പര്‍ ഉപയോഗിച്ചോ വാഹന നമ്പര്‍ ഉപയോഗിച്ചോ ഈ ആപ്ലിക്കേഷനുകള്‍ വഴി രേഖകള്‍ പരിശോധിക്കാവുന്നതാണ്.
2019 ലെ പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഇലക്ട്രോണിക് മാതൃകയിലുളള രേഖകള്‍ അംഗീകരിക്കേണ്ടതാണെന്നും ഇതിന്‍റെ പേരില്‍ വാഹന ഉടമകള്‍ക്ക് പീഡനമോ അസൗകര്യമോ ഉണ്ടാകാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.  രേഖകളുടെ പകര്‍പ്പ് ഹാജരാക്കാത്തതിന്‍റെ പേരില്‍ പിഴ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button