NewsTop Stories
Trending

അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കാം’ – സുപ്രീം കോടതി

അയോധ്യാ കേസിൽ തർക്കഭൂമിയുടെ അവകാശം സർക്കാരിന് നൽകിക്കൊണ്ട് സുപ്രിംകോടതി ഉത്തരവിറക്കി.2.77 ഏക്കർ തർക്കഭൂമി രാമക്ഷേത്രം നിർമിക്കുന്നതിനായി കൈമാറണം.ക്ഷേത്രം നിർമിക്കുന്നതിനും നടത്തിപ്പിനുമായി ട്രസ്റ്റ്‌ രൂപീകരിക്കണം. ട്രസ്റ്റ്‌ രൂപീകരണമുൾപ്പെടെയുള്ള കാര്യങ്ങൾ മൂന്നുമാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

 ക്ഷേത്രനിർമ്മാണത്തിനും നടത്തിപ്പിനുമായുള്ള ബോർഡ് ഓഫ് ട്രസ്റ്റിനെ സംബന്ധിച്ച് കേന്ദ്രസർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. പക്ഷേ ബോർഡ് ഓഫ് ട്രസ്റ്റിയിൽ നിർമോഹി അഖാഡ ക്ക് പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
 അതേസമയംതന്നെ കേസിൽ അഖാടയുടെ തർക്ക ഭൂമിയിൽ ഉള്ള അവകാശവാദങ്ങൾ നിലനിൽക്കില്ലെന്നും, ആരാധനമൂർത്തിയിലുള്ള അവകാശം തെളിയിക്കാൻ അവർക്ക് ആയിട്ടില്ലെന്നും അതിനാൽ അവർക്ക് പൂജയും മറ്റു കാര്യങ്ങളും മാത്രം നടത്താനുള്ള അവകാശമേ ഉള്ളൂ എന്നും കോടതി വ്യക്തമാക്കി. തർക്കഭൂമിക്ക്‌ പുറത്ത് അയോധ്യയിൽ തന്നെ അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് നൽകണമെന്നും അതിൽ പള്ളി പണിയുവാനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കണമെന്നും സർക്കാരിനോട് സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചു. സുന്നി വഖഫ് ബോർഡിന് കൂടി താല്പര്യമുള്ള ഭൂമി ആയിരിക്കണം അവർക്ക് നൽകേണ്ടത്.
 വിധിയോടു കൂടി തർക്ക ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. ഒരു മതേതര രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളണമെന്നും മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഏകപക്ഷീയമായ വിധി പുറപ്പെടുവിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അഭിപ്രായപ്പെട്ടു.
അയോധ്യയിൽ ശ്രീരാമൻ ജനിച്ചുവെന്ന ഹിന്ദുക്കളുടെ വിശ്വാസം നിലനിൽക്കുന്നുണ്ട്. ബാബറി മസ്ജിദ് പണിയുമ്പോൾ അതിന്റെ താഴെ ഒരു നിർമിതി ഉണ്ടായിരുന്നു എന്ന്  പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പക്ഷേ അത് ക്ഷേത്രം ആണെന്ന് വ്യക്തമാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. പക്ഷേ അതൊരു ഇസ്ലാമിക നിർമ്മിതി അല്ല. അതിനു മുകളിലാണ് ബാബറി മസ്ജിദ് നിർമിച്ചിട്ടുള്ളതെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
1949-ൽ പള്ളിക്കുള്ളിൽ വിഗ്രഹങ്ങൾ കൊണ്ടു വച്ച സംഭവവും 1992ൽ ബാബറി മസ്ജിദ് തകർത്തതും നിയമവിരുദ്ധമായിരുന്നു. ഇത് സുപ്രീംകോടതി വിധി അട്ടിമറിച്ചുകൊണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. പള്ളിയുടെ ഉള്ളിലായിരുന്നു മുസ്ലീങ്ങൾ നമസ്കാരം നടത്തിയിരുന്നത്. പള്ളി ഒരുകാലത്തും മുസ്ലീങ്ങൾ ഉപേക്ഷിച്ചിരുന്നില്ല. രേഖകൾ പ്രകാരം 1857 ന് മുൻപ് പള്ളിക്കുള്ളിൽ പ്രാർത്ഥന നടത്താൻ ഹിന്ദുക്കൾക്ക് തടസമുണ്ടായിരുന്നില്ല.
 രാമന്റെ ജന്മ സ്ഥലത്തിന് നിയമപരമായ വ്യക്തിത്വമില്ല എന്നാൽ രാമന് നിയമപരമായ വ്യക്തിത്വമുണ്ട്.
 രണ്ടു കക്ഷികൾക്കും തർക്ക ഭൂമിയിലുള്ള അവകാശം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കൃത്യമായ തെളിവുകൾ ഹാജരാക്കാൻ ഇരുകൂട്ടർക്കും സാധിച്ചിട്ടില്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇങ്ങനെയൊരു വിധിയിൽ എത്തപ്പെട്ടത്. വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ കോടതിയുടെ പരിശോധനക്കും അപ്പുറമുള്ള കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
 ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭരണഘടനാ ബെഞ്ചിലെ 5 ജസ്റ്റിസ് മാരും കൂട്ടായി എടുത്ത തീരുമാനമാണ് അയോധ്യ കേസിലെ വിധി എന്ന് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പ്രത്യേകം എടുത്തുപറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button