Health

നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് സർട്ടിഫിക്കറ്റ് നേട്ടം സ്വന്തമാക്കി കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റൽ.

കാസറഗോഡ് :ഇന്ത്യയിലെ ഏറ്റവും നല്ല ജില്ലാ ആസ്പത്രിക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്  സര്‍ട്ടിഫിക്കറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. എന്‍.ക്യു.എ.എസ്  സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാ ആശുപത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. സമ്മാനത്തുക 1.20 കോടിരൂപയാണ് .  സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍  നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ ആസ്പത്രി ജീവനക്കാര്‍ ഏറ്റുവാങ്ങി. ഡോക്ടര്‍മാര്‍ തൊട്ട് ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഒരേ മനസ്സോടു കൂടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയതിന്റെ പരിണിതഫലം കൂടിയാണ് ഈ നേട്ടമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഒട്ടേറെ പദ്ധതികളാണ് ജില്ലാ ആശുപത്രിക്ക് വേണ്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്.

മികച്ച ശുചിത്വവും ഉയര്‍ന്ന ആരോഗ്യ സംവിധാനവും ഒരുക്കിയത് 2017-ല്‍   മൂന്നാം സ്ഥാനത്തോടെ  കായകല്‍പ അവാര്‍ഡ്  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ലഭിച്ചു. 2018 ല്‍ അത് രണ്ടാം സ്ഥാനത്തെത്തി. 2019 ജനുവരിയില്‍ കായകല്‍പത്തില്‍  ഒന്നാം സ്ഥാനം ആശുപത്രിക്ക് ലഭിച്ചു. 2019 മെയ്യില്‍  മൂന്ന് ദിവസത്തിലായി പ്രഗല്‍ഭരായ മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന  കേന്ദ്ര പരിശോധനാ സംഘം പരിശോധന നടത്തി ആശുപത്രിയുടെ ഗുണനിലവാരം പരിശോധിച്ചാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്  സര്‍ട്ടിഫിക്കറ്റിന്  ശുപാര്‍ശ  ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐ.പി വിഭാഗത്തിലും ഒ.പി വിഭാഗത്തിലും  30-35 ശതമാനം വര്‍ദ്ധനവ് വന്നിട്ടുണ്ട്. ആസ്പത്രിയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ ഏറെ ഗുണം ചെയ്തു.  2020 ജനുവരിയൊടെ കാത്ത് ലാബ് സജ്ജമാകും. അതോടെ ജില്ലയില്‍ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ആന്റിയോപ്ലാസ്റ്റി ചെയ്യാന്‍ സാധിക്കും.
മദ്യത്തിനും ലഹരി മരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിന് ജില്ലാ പഞ്ചായത്ത് തന്നെ തയ്യാറാക്കി വരുന്ന ഡി അഡിക്ഷന്‍ സെന്റര്‍ ഫെബ്രുവരിയോടു കൂടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.ഫെബ്രുവരി മാസത്തോടു കൂടി എന്റോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെട്ട അഞ്ച് നില പുതിയ കെട്ടിടത്തിന്റെ വയറിങ് പണി പൂര്‍ത്തിയാക്കി  ഉദ്ഘാടനം പൂര്‍ത്തിയാക്കും. അതോടുകൂടി ആശുപത്രിയുടെ ഇന്നത്തെ എല്ലാ സ്ഥല പരിമിതിക്കും പരിഹാരം കാണാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് ജില്ലാ പഞ്ചായത്തിനുള്ളത്. ജില്ലാ ആസ്പത്രിയുടെ നേടിയ സമാനതകളില്ലാത്ത ഈ നേട്ടങ്ങളെല്ലാം ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമര്‍ഹതപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി  ബഷീര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button