ലോകായുക്ത ദിനാഘോഷം 15ന്, ജസ്റ്റിസ് പിനാകിചന്ദ്രഘോഷ് ഉദ്ഘാടനം ചെയ്യും
ലോകായുക്ത ദിനാഘോഷം 15ന് ലോക്പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപലോകായുക്തമാരായ ജസ്റ്റിസ് എ. കെ. ബഷീർ, ജസ്റ്റിസ് ബാബുമാത്യു പി. ജോസഫ്, അഡ്വക്കേറ്റ് ജനറൽ സി. പി. സുധാകരപ്രസാദ്, കേരള ലോകായുക്ത സ്‌പെഷ്യൽ അറ്റോർണി സി. ശ്രീധരൻ നായർ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. പി. ജയചന്ദ്രൻ, ലോകായുക്ത രജിസ്ട്രാർ ജി. അനിൽകുമാർ എന്നിവർ പങ്കെടുക്കും.
ലോകായുക്തയെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിനുമായാണ് ശ്രമിക്കുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകായുക്ത നൽകുന്ന ശുപാർശകൾ 80 ശതമാനവും സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത രൂപീകരിച്ച ശേഷം 35986 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 34662 കേസുകൾ തീർപ്പാക്കി. 1320 കേസുകൾ ബാക്കിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉപലോകായുക്തമാരായ ജസ്റ്റിസ് എ. കെ. ബഷീർ, ജസ്റ്റിസ് ബാബുമാത്യു പി. ജോസഫ്, രജിസ്ട്രാർ ജി. അനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.