News

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി- ഡോ.എ.എല്‍.ഷീജ

പത്തനംതിട്ട :ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഉത്സവകാലത്ത് ഉടനീളം മികച്ച ആരോഗ്യ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കും.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള ആശുപത്രികളില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിച്ചു. ഫീല്‍ഡ് സ്റ്റാഫ്, ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് വിഭാഗത്തിലുള്ള ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയായി. ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. ആശുപത്രികള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. 16 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ പമ്പ മുതല്‍ സന്നിധാനം വരെ 16 മുതല്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശബരിമല വാര്‍ഡിന്റെ പ്രവര്‍ത്തനം നാളെ തുടങ്ങും. പന്തളം വലിയകോയിക്കല്‍ താത്ക്കാലിക ആശുപത്രി നാളെ പ്രവര്‍ത്തനം തുടങ്ങും. ഇവിടെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ഉണ്ടാകും. ജില്ലയിലെ 35 ആംബുലന്‍സുകള്‍ക്ക് പുറമേ 22 ആംബുലന്‍സുകള്‍ മറ്റ് ജില്ലകളില്‍ നിന്നും എത്തിയിട്ടുണ്ട്. ഇവയില്‍ 13 എണ്ണം 108 ആംബുലന്‍സുകളും നാലെണ്ണം എഎല്‍എസ് ആംബുലന്‍സുകളുമാണ്. പമ്പ, നിലയ്ക്കല്‍, എരുമേലി, ളാഹ, വടശേരിക്കര, പെരുനാട്, പന്തളം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ആംബുലന്‍സ് ഉണ്ടാവുക. പമ്പയില്‍ ചെളിക്കുഴി ഭാഗത്ത് ഒരു ആംബുലന്‍സ് ഉണ്ടാകും. ജനുവരി ഒന്ന് മുതല്‍ 14 വരെ താത്ക്കാലിക ഡിസ്‌പെന്‍സറി കരിമലയില്‍ പ്രവര്‍ത്തിക്കും. മല കയറുന്ന തീര്‍ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ ആറ് ഭാഷകളില്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയും ജില്ലയിലെ പ്രധാന സ്ഥലങ്ങളിലും സ്ഥാപിക്കും. തീര്‍ഥാടന കാലത്ത് ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിരന്തര പരിശോധനകള്‍ നടത്തും. കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ ആരംഭിച്ചു.

മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിതയുടെ അധ്യക്ഷതയില്‍ പത്തനംതിട്ടയില്‍ അവലോകന യോഗം ചേര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button