Top Stories

ശബരിമല യുവതിപ്രവേശനം : ഏഴംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി, വിധിക്ക് സ്റ്റേ ഇല്ല, തൽ സ്ഥിതി തുടരും.

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശന കേസ്  ഏഴംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബർ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നൽകിയ അമ്പത്തഞ്ചിലേറെ ഹർജികൾ പരിഗണിച്ചാണ് വിധി.അഞ്ചംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വിയോജിച്ചു. ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡൂം റോഹിന്റൻ നരിമാനും ആണു വിയോജിപ്പ് രേഖപ്പെടുത്തിയത്.

അതേസമയം, എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്‌റ്റേ ഇല്ല.

ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
രാവിലെ 10.44ന് വിധി പ്രസ്‌താവം വായിച്ച ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി മതത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നു വ്യക്തമാക്കി.  അതുകൊണ്ടുതന്നെ  ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞു. ചീഫ് ജസ്‌റ്റിസിനൊപ്പം ജ. ഇന്ദു മൽഹോത്ര,​ ജ. ഖാൻവിൽക്കർ എന്നിവർ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാൽ ജസ്റ്റിസ് രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിട്ട നടപടിയിൽ വിയോജിപ്പ് രേഖപ്പെടുത്തി. റിവ്യു ഹർജികൾ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്.
ശബരിമല പുനഃപരിശോധനാ ഹർജികളെ എതിർത്ത്, ശബരിമലയിൽ വേഷം മാറി  ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ദർശനം നടത്താൻ ശ്രമിച്ച രേഷ്മയും ഷനിലയും കോടതിയെ സമീപിച്ചിരുന്നു.യുവതീ പ്രവേശനം അനുവദിച്ച സെപ്‌തംബർ 28ലെ വിധി സ്ത്രീകളുടെ അന്തസും സ്വാതന്ത്ര്യവും തുല്യതയും ഉയർത്തിപ്പിടിക്കുന്നതാണെനന്നായിരുന്നു ഇവരുടെ വാദം.
തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ, പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ്, രാഹുൽ ഈശ്വർ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 റിവ്യൂ ഹർജികളും, വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ പ്രസിഡന്റ് ശൈലജ വിജയൻ, തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി. വിജയകുമാർ, അഖില ഭാരതീയ മലയാളി സംഘ് എന്നിവരുടെ  റിട്ട് ഹർജിയും, ഹൈക്കോടതിയിലെ ശബരിമല ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ നൽകിയ രണ്ട് ട്രാൻസ്ഫർ ഹർജികളും , വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് നൽകിയ ഹർജിയും ചേർത്ത് ശബരിമലയുമായി ബന്ധപ്പെട്ട 65 ഹർജികളിലാണ്  കോടതി തീരുമാനമെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button