Health
ആലപ്പുഴ: ഹൃദയത്തിലെ മുഴ മൂലം രോഗാവസ്ഥയിലായ യുവാവിനെ സങ്കീർണ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ച്
ആലപ്പുഴ: ഹൃദയത്തിലെ മുഴ മൂലം രോഗാവസ്ഥയിലായ യുവാവിനെ സങ്കീർണ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം. കണ്ണുകളടയുന്നതിന് ന്യൂറോമെഡിസിൻ വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ 34-കാരനെ വിശദമായി പരിശോധിച്ചപ്പോഴാണ് ഹൃദയത്തിലെ മുഴയാണ് രോഗകാരണമെന്ന് കണ്ടെത്തിയത്. ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവച്ച് ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്തു.
ശസ്ത്രക്രിയയ്ക്ക് വിധേയനായ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി സുഖംപ്രാപിച്ചുവരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇദ്ദേഹം ഞരമ്പിന്റെ രോഗമെന്ന് കരുതിയാണ് ന്യൂറോ മെഡിസിനിൽ എത്തിയത്. നെഞ്ചിന്റെ എക്സ്റേ എടുത്തപ്പോൾ ഹൃദയത്തിൽ മുഴയുള്ളതായി കണ്ടു.
ഹൃദയംതുറന്ന് ഹൃദയത്തിന്റെ ഉള്ളിൽ ഇടത് കീഴറയോട് ചേർന്നുള്ള മുഴ കീഴറയുടെ ഒരുഭാഗത്തോടൊപ്പം നീക്കംചെയ്തു. തകരാറിലായിരുന്ന മൈട്രൽ വാൽവ് നീക്കംചെയ്ത് കൃത്രിമവാൽവ് വച്ചുപിടിപ്പിച്ചു.
മുഴ നീക്കംചെയ്തപ്പോൾ മുറിച്ചുമാറ്റിയ കീഴറയുടെ ഭാഗം ഹൃദയത്തിന്റെ ആവരണം വച്ച് പുതുതായി ഉണ്ടാക്കി ഹൃദയത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് കൊണ്ടുവന്നു. ഇതോടൊപ്പം രോഗിയുടെ പേശികൾ തളർന്നുപോകുന്നതിന് കാരണമായ ‘മയസ്തീനിയ ഗ്രാവിസ്’ എന്ന രോഗത്തിന്റെ പ്രതിവിധിയായി രോഗിയുടെ ‘തൈമസ്’ എന്ന ഗ്രന്ഥി നീക്കംചെയ്യുകയും ചെയ്തു.
ആറുമണിക്കൂറോളം നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്
കാർഡിയോ തൊറാസിക്ക് വിഭാഗം മേധാവി ഡോ. രതീഷ് രാധാകൃഷ്ണൻ, ഡോ. കെ.ടി.ബിജു, ഡോ. ആനന്ദക്കുട്ടൻ, ഡോ. രവികൃഷ്ണൻ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ലിനറ്റ് ജെ.മോറിസ്, ഡോ. വീണാദത്ത്, ഡോ. ബിബി മേരി എന്നിവരാണ്. ടെക്നീഷ്യൻമാരായ പി.കെ.ബിജു, പ്രശാന്ത്, ഹെഡ് നഴ്സ് പി.വി.സിന്ധു, നഴ്സുമാരായ പ്രവീണ, സൗമ്യ എന്നിവരും ഈ ശസ്ത്രക്രിയയിൽ പങ്കാളികളായി. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽപ്പെടുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.