News
പാലാരിവട്ടം പാലം കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. 18.77 കോടി കരാർ തുക
കൊച്ചി : പാലാരിവട്ടം പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. 18.77 കോടി രൂപക്കാണ് കരാർ നൽകിയത്.
പാലവുമായി ബന്ധപ്പെട്ട് ഒന്നിലേറെ കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.ഈ കേസുകളിൽ തീർപ്പായത്തിനു ശേഷമായിരിക്കും പാലത്തിന്റെ പുനരുദ്ധാരണ നടപടികൾ തുടങ്ങുക.
അറ്റകുറ്റപ്പണി ആരംഭിച്ചാൽ ഒമ്പത് മാസം കൊണ്ട് പാലം ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്ന് ഡിഎംആർസി അധികൃതർ വ്യക്തമാക്കി. പാലത്തിന്റെ പിയർ ക്യാപുകൾ ശക്തിപ്പെടുത്തുകയും 102 ഗാർഡറുകൾ മാറ്റി സ്ഥാപിക്കുകയും വേണം.
2016 ൽ നിമ്മാണം പൂർത്തിയാക്കിയ പാലാരിവട്ടം പാലം, നിർമാണ ഘട്ടത്തിൽ വരുത്തിയ അതി ഗുരുതരമായ ക്രമക്കേട് കാരണം സഞ്ചാരയോഗ്യമല്ലാതായി. കഴിഞ്ഞ മെയ് 1ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച സർക്കാർ, ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പാലം ഭാഗീകമായി പുനർനിർമിക്കാൻ തീരുമാനിച്ചു. അറ്റകുറ്റപ്പണി നടത്തിയാൽ പാലത്തിന്റെ ആയുസ്സ് 20 വർഷവും പുനർനിർമ്മാണം നടത്തിയാൽ പാലത്തിന്റെ ആയുസ്സ് 100 വർഷവും ആകുമെന്നായിരുന്നു ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം.