Editorial

നീതി ബോധം നഷ്ടപ്പെട്ട ഒരു ന്യൂനപക്ഷ വിധി

ഇന്ത്യ ഒരു മതേതര രാജ്യമാണ് ബഹുസ്വരതയാണ് നമ്മുടെ സംസ്കാരത്തിന്റെ കാതൽ ഇന്ത്യക്കാർ ഭരണഘടനയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ജനത അല്ല മറിച്ച് ഇന്ത്യക്കാർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഒന്നാണ് നമ്മുടെ ഭരണഘടന. ഭരണഘടന നിലവിൽ വരുന്നതിനു മുൻപും ഇന്ത്യക്കാർ ഇവിടെ ഉണ്ടായിരുന്നു എന്നും, ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പ്രാർത്ഥിക്കുന്ന ഒരു സംസ്കാരത്തിന് ഉടമകളാണ് അവരെന്നും ഉള്ള വസ്തുത മറന്ന് കനത്ത ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെ യും നിയമപരമായ ചില സംരക്ഷണ ങ്ങളുടെയും ശീതളഛായയിൽ എന്തും പറയാനുള്ള അധികാരം തങ്ങൾക്ക് ഉണ്ടെന്ന് കരുതുന്നവർ ആരായാലും അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച ഭഗത് സിങ്ങും  ഉദ്ദംസിങ്ങും  അടക്കം ആയിരക്കണക്കിന് ധീരന്മാരുടെ രാജ്യമാണ് ഇന്ത്യ. കോടതി അലക്ഷ്യം എന്ന കടലാസുപുലിയുടെ  സംരക്ഷണത്തിൽ കഴിയേണ്ട സ്ഥാപനമല്ല ഇന്ത്യയിലെ കോടതികൾ. കോടതിയുടെ ആത്മാവ് ന്യായാധിപനാണ്. സ്വന്തം വാക്കും പ്രവർത്തിയും ജീവിതവും കൊണ്ടാണ് ന്യായാധിപന്മാർ സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടേണ്ടത് അല്ലാതെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ഒരു ജനതയുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അഭിപ്രായസ്വാതന്ത്ര്യത്തെയും നിയന്ത്രിക്കാമെന്ന് വിശ്വസിക്കുന്ന മനോഭാവത്തെ ഏറ്റവും ലളിതമായി വിശേഷിപ്പിക്കാവുന്നത് ഫാസിസ്റ്റ് മനോഭാവം എന്നുതന്നെയാണ്.
 ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ച് വിധി നടപ്പാക്കുന്നത് എതിർക്കാൻ ശ്രമിച്ചാൽ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തണമെന്ന് ജസ്റ്റിസുമാരായ ആർ.എസ് നരിമാനും ഡി.വൈ ചന്ദ്രചൂഡും   വ്യാഴാഴ്ച പുറപ്പെടുവിച്ച ന്യൂനപക്ഷ വിധിയിൽ കേരള സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. നീതിന്യായ സംവിധാനം തന്നെ കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വിധിപ്രഖ്യാപനം ആണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ ആദരിക്കുന്ന ഏതൊരു പൗരനെയും ഞെട്ടിക്കുന്ന ഒന്നാണ് ന്യൂനപക്ഷ വിധി.
 നടപ്പിലാക്കാൻ കഴിയാതെപോയ സുപ്രീം കോടതി വിധികളുടെ ദയനീയമായ ചരിത്രം പരിശോധിച്ചാൽ നീതിബോധമുള്ള ഏതൊരു പൗരനും നടുങ്ങിപ്പോകും. ഇന്ത്യ ഒരു വെള്ളരിക്കാപട്ടണമല്ല. ചിന്താശേഷിയും പ്രതികരണശേഷിയുള്ള ഒരു ജനതയാണ് ഇവിടെ ജീവിക്കുന്നത്. അനുദിനം മൂല്യശോഷണം വന്നു കൊണ്ടിരിക്കുന്ന നമ്മുടെ നീതിന്യായ സംവിധാനത്തെ നിലനിർത്താൻ പോലീസും, അടിച്ചമർത്തലുകളും വേണ്ടിവരുന്നത് എത്ര നിർഭാഗ്യകരമാണ്. വെള്ളെഴുത്തു കൊണ്ട് ആനയെ കാണാൻ കഴിയില്ലെന്നു പറയുന്നതുപോലുള്ള ന്യൂനപക്ഷ വിധി കോമൺസെൻസ് നിരക്കുന്നതല്ല.
 നവംബർ 15 വെള്ളിയാഴ്ച ഡി.കെ ശിവകുമാറിന്റെ  ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിൽ, ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയരുത് എന്ന  ജസ്റ്റിസ് നരിമാന്റെ പരാമർശം തികച്ചും അപ്രതീക്ഷിതവും അധാർമികവും ആയിരുന്നു. മുൻവിധിയോടെ വാദം കേൾക്കുന്ന ന്യായാധിപൻമാർ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഒരു ബാധ്യത തന്നെയാണ്.
 മറ്റൊരു മണ്ഡലകാലം തുടങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലെ സമാധാന അന്തരീക്ഷം കലുഷിതമാക്കാൻ മാത്രമേ ഈ പരാമർശം പ്രയോജനപ്പെടൂ. ഈ പരാമർശം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയേണ്ടതുതന്നെയാണ്.
 വാൽക്കഷണംവേലപ്പൻ ചേട്ടന്റെ കടയിൽ നിന്ന് കിട്ടിയ വാഴക്കാ അപ്പത്തിൽ ചത്ത പല്ലിയെ കണ്ടാൽ വാഴക്കാ അപ്പത്തേയും പല്ലിയെയും പഴിക്കാം പക്ഷേ വേലപ്പൻ ചേട്ടനെതിരെ ഒരക്ഷരം മിണ്ടരുത്. ജാഗ്രതൈ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button