ശരണമന്ത്രങ്ങൾ ഉയർന്നു, മറ്റൊരു മണ്ഡല കാലത്തിനു തിരിതെളിഞ്ഞു
പതിനെട്ടു മലകളും മുഴക്കിയ ശരണമന്ത്രങ്ങൾക്കിടയിൽ ശബരിമല നട മണ്ഡല മഹോത്സവത്തിനായി തുറന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വരര് മോഹനരും മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയും ശ്രീകോവിലിൽ വലംവച്ച് എത്തി തിരുനടയിൽ പടികളിൽ തീർത്ഥം തളിച്ച് മണിയടിച്ച് നടതുറന്നു. അയ്യനെ ഒരു നോക്ക് കാണുവാനായി ആയിയിരക്കണക്കിന് ഭക്തജനങ്ങളുടെ അക്ഷമയോടുള്ള കാത്തുനിൽപ്പ് യോഗനിദ്രയിൽ ഉള്ള ഭഗവാനെ അറിയിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിച്ചു. അതിനുശേഷം ഭക്തരെ പതിനെട്ടാം പടി ചവിട്ടാൻ അനുവദിച്ചു.
ശബരിമലയിലെ പുതിയ മേൽശാന്തി മണിയങ്കാട് അരീക്കര ഇല്ലത്ത് എ.കെ സുധീർ നമ്പൂതിരിയെ തന്ത്രിയുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്തു. തുടർന്ന് ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ചൊല്ലിക്കൊടുത്തു. രാത്രിയിൽ ഹരിവരാസനം പാടി നട അടച്ച ശേഷം മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോൽ പുതിയ മേൽശാന്തി കൈമാറി.
വൃശ്ചിക പുലരിയായ ഇന്ന് രാവിലെ മൂന്നുമണിക്ക് പുതിയ മേൽശാന്തി മലപ്പുറം തിരുനാവായ മണിയങ്ങാട് അരീക്കര ഇല്ലത്ത് എ.കെ സുധീർ നമ്പൂതിരി നട തുറന്നു.വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, ബോർഡ് അംഗങ്ങളായ കെ.എസ് രവി, എൻ വിജയകുമാർ,ദേവസ്വം കമ്മീഷണർ എം.ഹർഷൻ സ്പെഷ്യൽ കമ്മീഷണർ മനോജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.