മാർക്കുതട്ടിപ്പ് -വിസി യെ വിളിച്ചുവരുത്തി ഗവർണർ
തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പ് വിവാദത്തിൽ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. സർവകലാശാലയിൽ നടക്കുന്ന മാർക്ക് തട്ടിപ്പിൽ എന്തൊക്കെ നടപടികളെടുത്തെന്നും ഗവർണർ ചോദിച്ചു. ആഭ്യന്തര സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ നൽകിയെന്നും ഗവർണറെ വി.സി അറിയിച്ചു. വി.സിയുടെ വിശദീകരണത്തിൽ അതൃപ്തി അറിയിച്ച ഗവർണർ, പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമടക്കം സർവകലാശാലയുടെ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നും, വീഴ്ചകളിൽ കടുത്ത തുടർനടപടികളുണ്ടാവണമെന്നും ഗവർണർ വിസി യോട് നിർദ്ദേശിച്ചു.
ഗവർണർ വിസി യെ വിളിച്ചുവരുത്തിയതിനു പിന്നാലെ മാർക്ക് തട്ടിപ്പ് നടത്തിയ സോഫ്റ്റ്വെയറിലെ മുഴുവൻ ഡേറ്റയും സർവകലാശാല സീൽ ചെയ്തു. കമ്പ്യൂട്ടറുകളുടെ പ്രവർത്തനം പൂർണമായി നിറുത്തി.സർവകലാശാലയ്ക്ക് പുറമെ നിന്നുള്ള ഐ.ടി സംഘമാണ് സാങ്കേതിക പരിശോധന നടത്തുന്നത്.സർവകലാശാലയുടെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ടെന്ന് വിസി അറിയിച്ചു.