News
റിമാൻഡ് പ്രതി ഐ.സി.യു വിൽ ഗുരുതരാവസ്ഥയിൽ, പോലീസ് മർദ്ദനത്തെത്തുടർന്നെന്നു ബന്ധുക്കൾ
സുൽത്താൻബത്തേരി:മോഷണക്കേസിൽ റിമാൻഡിലായ യുവാവിനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുച്ചോല മാവാടി വീട്ടിൽ അജേഷ് (35) ആണ് മെഡിക്കൽകോളേജ് ആശുപത്രിയിലെ എം.ഐ.സി.യു.വിൽ ചികിത്സയിലുള്ളത്. പോലീസ് മർദനത്തെ തുടർന്നാണ് അജേഷിന്റെ ആരോഗ്യനില ഗുരുതരമായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ആരോഗ്യവാനായിരുന്ന അജേഷിന് ഇപ്പോൾ തലയ്ക്കും അടിവയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സ്കാനിങ് റിപ്പോർട്ടിലുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം അജേഷിനെ ജയിലിലേക്ക് കൊണ്ടുപോകുംവഴി പോലീസ് മർദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
പാതിരിപ്പാലത്തെ നിർമാണം നടക്കുന്ന വീട്ടിൽനിന്നും ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിച്ച കേസിലാണ് കഴിഞ്ഞ എട്ടിന് രാവിലെ മീനങ്ങാടി പോലീസ് അജേഷിനെ അറസ്റ്റുചെയ്തത്. അന്ന് വൈകീട്ടുതന്നെ കോടതിയിൽ ഹാജരാക്കിയ അജേഷിനെ വൈത്തിരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ, അജേഷിന് മർദനമേറ്റുവെന്നുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജയിലധികൃതർ പറഞ്ഞു. കോടതിയിൽനിന്നും റിമാൻഡ് ചെയ്ത് സബ്ജയിലിലെത്തിച്ച സമയത്ത് അജേഷിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, പിറ്റേദിവസം മദ്യം കിട്ടാഞ്ഞതിനെത്തുടർന്ന് അക്രമാസക്തനായ അജേഷ് സെല്ലിനുള്ളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയശേഷം തിരികെ ജയിലിൽ എത്തിച്ച അജേഷ് വീണ്ടും അക്രമാസക്തനാവുകയും ശാരീരിക പ്രശ്നങ്ങളുണ്ടാവുകയും ചെയ്തതോടെ, ഡോക്ടറുടെ നിർദേശപ്രകാരമാണ് 11-ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ജയിലധികൃതർ അറിയിച്ചു.