പമ്പയിലേക്ക് തീർത്ഥാടക വാഹനങ്ങൾക്ക് പ്രവേശിക്കാം – ഹൈക്കോടതി.
കൊച്ചി: മണ്ഡല കാലത്ത് തീർത്ഥാടകരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടാമെന്ന് ഹൈക്കോടതി. പാർക്കിംഗ് അനുകൂലമായ നിലപാടായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ചിരുന്നത്. കോടതി ഉത്തരവ് ഇന്നുമുതൽ നടപ്പിലാക്കിയേക്കും. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പോകാമെങ്കിലും തീർത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു. നിലക്കലിനും പമ്പയ്ക്കുമിടയിൽ റോഡ്‌സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്. 12 സീറ്റ് വരെയുള്ള വാഹനങ്ങൾക്കാണ് പാർക്കിംഗ് അനുവദിച്ചിട്ടുള്ളത്.
റിട്ട:ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് തീർപ്പാക്കിയത്.
പമ്പയിൽ വാഹനാപാർക്കിങ്ങ് അനുവദിക്കരുതെന്നായിരുന്നു പോലീസ് വാദിച്ചത്. പത്തനംതിട്ട എസ് പി യുടെ റിപ്പോർട്ടിൽ പമ്പ ഹിൽടോപ് , ത്രിവേണി, ചക്കുപാലം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കുന്നത് പ്രായോഗികമല്ല എന്നും പറഞ്ഞിരുന്നു.
അതേസമയം ഇരുചക്ര വാഹനങ്ങൾക്ക് കൂടി ഇളവനുവദിക്കാമെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. അക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു.