Top Stories

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കണ്ണൂരെത്തി

കണ്ണൂർ : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയിലെത്തി. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡിഎസ്സി കമാന്റന്റ് കേണല്‍ പുഷ്പേന്ദ്ര ജിന്‍ക്വാന്‍, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, കിയാല്‍ എംഡി വി തുളസീദാസ് എന്നിവരും രാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.

സ്വീകരണത്തിന് ശേഷം 4.40ഓടെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്ക് തിരിച്ചത്. 5.05ഓടെ ഏഴിമല നാവിക അക്കാദമി ഹെലിപ്പാഡിലിറങ്ങി. നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, കൊച്ചി സതേണ്‍ നേവല്‍ കമാന്റ് ഫ്ളാഗ് ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എ കെ ചൗള, ഏഴിമല നാവിക അക്കാദമി കമാന്റന്റ് വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, സി കൃഷ്ണന്‍ എംല്‍എ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ നാവിക അക്കാദമിയിലേക്ക് സ്വീകരിച്ചു.

മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാദമിക്ക്‌ സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി എത്തിയത്. ബുധനാഴ്ച രാവിലെ എട്ടു മണിക്ക് അവാര്‍ഡ് ദാനച്ചടങ്ങിന് തുടക്കമാവും.

ഏഴിമലയില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.35ഓടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിക്ക് യാത്ര തിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button