Top Stories
സിസ്റ്റർ അഭയയെ കൊന്നതുതന്നെ – ഡോ.വി. കന്തസ്വാമി
തിരുവനന്തപുരം: സിസ്റ്റർ അഭയ മരിച്ചത് തലയ്ക്കേറ്റ മാരക ക്ഷതം കൊണ്ടാണെന്ന് നിർണായക മൊഴി. ഫോറൻസിക് വിദഗ്ദ്ധൻ ഡോ.വി.കന്തസ്വാമിയാണ് തിരുവനന്തപുരം സി.ബി.ഐ പ്രതേക കോടതിയിൽ മൊഴി നൽകിയത്. അഭയ കിണറ്റിൽചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാൽ ആത്മഹത്യയുടെ ലക്ഷണങ്ങളും, മുങ്ങി മരിക്കുന്ന മൃദേഹങ്ങളിൽ കാണുന്ന ലക്ഷണങ്ങളും അഭയയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും, മുങ്ങി മരണമാണെങ്കിൽ ശ്വാസകോശത്തിൽ എന്തെങ്കിലും പദാർത്ഥമുണ്ടാകും, കൈവിരലുകൾ മുറുക്കി പിടിച്ചിരിക്കും, കൈക്കുള്ളിൽ ചെളിയോ പുല്ലുകളോ കാണും. ഇതൊന്നും അഭയയുടെ ശരീരത്തിൽ കണ്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ലെന്നും കന്തസ്വാമി മൊഴി നൽകി.
ഫൊറൻസിക് വിദഗ്ദ്ധനായ ഡോ. വി കന്തസ്വാമിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റർ അഭയയുടെത് മുങ്ങി മരണമല്ല കൊലപാതകമാണെന്ന നിഗമനത്തിലേക്ക് സി.ബി.ഐ എത്തിയത്. അഭയയുടെ തലയിലേറ്റ ആറ് മുറിവുകളിൽ തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രൊസിക്യൂഷന്റെ മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമിയുടെ മൊഴി. കൈക്കോടാലി പോലുള്ള ആയുധത്തിന്റെ പിൻഭാഗം കൊണ്ടുള്ള ശക്തമായ അടിയേറ്റതാകാം ഇതെന്നും ഡോ.കന്തസ്വാമി മൊഴി നൽകി.
സിസ്റ്റർ അഭയ കേസിൽ നിരവധി സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിൽ നിർണ്ണായകമായ മൊഴിയാണ് ഫോറൻസിക് വിദഗ്ധൻ കന്തസാമിയുടേത്. കൊലപാതകം തന്നെയാണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അദ്ദേഹം നൽകിയത്.