Cinema
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തിരിതെളിയും
പനാജി: അൻപതാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലചിത്രോൽത്സവത്തിന് ഇന്ന് ഗോവയിൽ തുടക്കം കുറിക്കും. ഈമാസം 28വരെ നടക്കുന്ന മേളയിൽ ഇരുന്നൂറിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ സുവർണ്ണജൂബ്ബിലിയോടനുബന്ധിച്ച് ഇത്തവണ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
പനാജിയിലെ ഡോക്ടർ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഇന്ന് വൈകുന്നേരം അൻപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഉൽഘാടനം ചെയ്യും. വേദിയിൽ സൂപ്പർസ്റ്റാർ രജനികാന്തും അവതാരകനായി കരൺ ജോഹറും ഉണ്ടാകും. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവേദ്കർ, ശ്രീപദ് നായ്ക് എന്നിവരും പങ്കെടുക്കും.
കേന്ദ്രമന്ത്രിമാരും ചലച്ചിത്ര പ്രവർത്തകരും മറ്റ് വിശിഷ്ട വ്യക്തികളും ഉൾപ്പെടുന്ന പ്രൗഢഗംഭീരമായ സദസ്സ് ആയിരിക്കും ഉദ്ഘാടന സമ്മേളനത്തിൽ അണിനിരക്കുക.സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മേള ഒരു വ്യത്യസ്ത അനുഭവമാക്കി മാറ്റാനാണ് സംഘാടകരുടെ ശ്രമം.
രാജ്യാന്തരതലത്തിൽ മികവുതെളിയിച്ച 50 വനിതാ സംവിധായകരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 76 രാജ്യങ്ങളിൽനിന്നായി 200 ചിത്രങ്ങൾ മേളയിലുണ്ടാകും. ഇന്ത്യൻ പനോരമയിൽ 41 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പതിനായിരത്തോളം പേർ മേളയിൽ പങ്കാളികളാകും.