Cinema
അൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഗോവയിൽ തിരി തെളിഞ്ഞു
പനാജി : അൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഗോവയിൽ തുടക്കമായി. പനാജിയിലെ ഡോ. ശ്യാമപ്രസാദ് സ്റ്റേഡിയത്തിൽ അമിതാഭ് ബച്ചൻ, രജനി കാന്ത് എന്നിവർ തിരി തെളിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യ്തു.കരൺജോഹർ ആയിരുന്നു ഉൽഘാടന വേദിയിലെ അവതാരകൻ. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ അമിതാഭ് ബച്ചനെ ചടങ്ങിൽ ആദരിച്ചു. രജനി കാന്ത് അമിതാഭ് ബച്ചന് പുരസ്കാരം സമ്മാനിച്ചു. സ്പെഷ്യൽ ഐക്കൺ പുരസ്കാരം രജനി കാന്ത് ഏറ്റുവാങ്ങി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫ്രഞ്ച് താരം ഇസബെല്ല ഹ്യൂപ്പേർട് ഏറ്റുവാങ്ങി.
അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീഖറെ കുറിച്ചുള്ള സ്പെഷ്യൽ വീഡിയോയും അൻപതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉൽഘാടന വേദിയിൽ പ്രദർശിപ്പിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. ഇന്ത്യ മുഴുവനുമുള്ള മനോഹരമായ ഷൂട്ടിങ് ലൊക്കേഷനുകളുടെ എല്ലാവിധ ചിത്രീകരണാനുമതികളും ഇപ്പോൾ ഏകജാലക സംവിധാനത്തിലൂടെ നേടാൻകഴിയും വിധം സജ്ജീകരിച്ചുവെന്ന് പ്രകാശ് ജാവേദ്കർ സൂചിപ്പിച്ചു.
ഇറ്റാലിയൻ ഫിലിം ‘ഡെസ്പൈറ്റ് ദി ഫോഗ് ‘ ആയിരുന്നു അൻപതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉൽഘാടന ചിത്രം. 76 രാജ്യങ്ങളിൽ നിന്നായി 200 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. നവംബർ 30 നാണ് മേള അവസാനിക്കുക.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഐ.എഫ്. എഫ്. ഐ ഇന്റർനാഷണൽ ജൂറി ചെയർമാൻ ജോൺ ബെയ്ലി, സംവിധായകൻ പ്രിയദർശൻ, എൻ. ചന്ദ്ര, ദിവ്യ ദത്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.