Top Stories
ശബരിമലക്ക് പ്രത്യേകനിയമം വേണം – സുപ്രീംകോടതി
ന്യൂഡൽഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം നിർമിക്കണമെന്ന് സർക്കാരിനോട് സുപ്രീം കോടതി.
നാല് ആഴ്ചക്കുള്ളിൽ നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.തിരുപ്പതി, ഗുരുവായൂർ മാതൃകകൾ ശബരിമലയിൽ പരിഗണിച്ചുകൂടേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ജസ്റ്റിസ്മാരായ എൻ.വി. രമണ, ബി. ആർ. ഗവായി, ആർ. സുഭാഷ് റെഡ്ഡി എന്നിവരുടെ ബെഞ്ചാണ് നിർണായക ഉത്തരവിട്ടത്.
2006 ൽ ശബരിമലയിൽ നടന്ന ദേവപ്രശ്നത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനായി പന്തളം രാജകുടുംബാംഗം രേവതി നാൾ രാമവർമ രാജ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് രമണയുടെ നിർദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്.
തിരുവിതാംകൂർ- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയിൽ സർക്കാർ ഹാജരാക്കിയിരുന്നു. അതിൽ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉൾപ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാൽ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങൾക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എൻ.വി. രമണ സർക്കാർ അഭിഭാഷകനോട് ചോദിച്ചു.
നിയമം വൈകുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ബെഞ്ച് നിയമനിർമ്മാണം എന്തായെന്ന് ഇന്നലെ ഹർജി പരിഗണിച്ചയുടൻ ചോദിച്ചു. കൂടുതൽ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശിന്റെ മറുപടിയെ തുടർന്ന് മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയെവിളിച്ചുവരുത്തി ഉച്ചയോടെ വീണ്ടും ഹർജി പരിഗണിക്കുകയായിരുന്നു.
50 വയസ് പൂർത്തിയായ വനിതകളെ മാത്രമെ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന് സർക്കാരിന് ശുപാർശ നൽകാമെന്ന് ജയ്ദിപ് ഗുപ്ത കോടതിയെ അറിയിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.