Top Stories
പതുങ്ങിനിന്നും, റോഡിന്റെ നടുക്കുനിന്നും വാഹനപരിശോധന നടത്തരുത് – ഹൈക്കോടതി
കൊച്ചി: പതുങ്ങിനിന്ന് വാഹനപരിശോധന നടത്തരുതെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിടിക്കാൻ പിന്നാലെ പായരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരം അതിസാഹസികത കാരണം നിരവധി പേർ മരിച്ചിട്ടുണ്ടെന്നും, ഇതിനു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. മലപ്പുറം രണ്ടത്താണി ദേശീയ പാതയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ബൈക്കിടിച്ചു വീഴ്‌ത്തി രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ പ്രതിയായ മുഫ്‌ലിഹ് നൽകിയ ജാമ്യാപേക്ഷ അനുവദിച്ചാണ്, മോട്ടോർ വാഹന വകുപ്പിനുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ.
2012 മാർച്ച് 3 ൽ പുറത്തിറക്കിയ ഡി ജി പി യുടെ സർക്കുലർ പ്രകാരം നേരത്തേ അറിയിച്ചിട്ടുള്ള സ്ഥലങ്ങളിലും, കൃത്യമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും മാത്രമേ വാഹന പരിശോധന നടത്താവൂ,
വാഹന പരിശോധനയ്‌ക്ക് ഡിജിറ്റൽ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, മൊബൈൽ ഫോൺ കാമറ, ഹാൻഡി ക്യാം തുടങ്ങിയവ ഉപയോഗിക്കണം.
കൈകാണിച്ചിട്ടും നിറുത്തിയില്ലെങ്കിൽ വാഹന രജിസ്ട്രേഷൻ നമ്പർ വയർലെസിലൂടെ കൈമാറി അടുത്ത പോയിന്റിൽ പിടികൂടുകയോ കേസെടുക്കുകയോ ചെയ്യാം,
റോഡിന്റെ നടുവിൽ കയറിനിന്നു വാഹന പരിശോധന നടത്തരുത്. യാത്രക്കാരെ ചാടിവീണ് പിടികൂടുകയല്ല സുരക്ഷാ ബോധവൽക്കരണം നടത്തുകയാണ് പരിശോധനകളുടെ ലക്ഷ്യം.
തുടങ്ങിയവയാണ് മോട്ടോർ വാഹനവകുപ്പിനും പോലീസിനും വാഹനപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച്
ഹൈക്കോടതിയുടെ നിർദ്ദേശം.