Cinema
ഷെയ്ൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്
ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്. ഷെയ്ൻ നിഗമിനെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ, താര സംഘടന എഎംഎംഎയെ അറിയിച്ചു.
നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ഷെയ്ൻ നിഗം ലംഘിച്ചെന്നാണ് ആരോപണം. സിനിമയുമായി ഷെയ്ൻ സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് വെയിൽ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സെറ്റിലെത്തിയ ഷെയ്ൻ ഏറെ നേരം കാരവാനിൽ വിശ്രമിക്കുകയും തുടർന്ന് ഒരു സൈക്കിളെടുത്ത് സെറ്റിൽ നിന്ന് പോയെന്നും അണിയറ പ്രവർത്തകർ പറയുന്നു.
ഷെയ്നിനെ അന്വേഷിച്ച സംവിധായകൻ ശരതിന് ഷെയ്ൻ അയച്ചു നൽകിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോൾ അനുഭവിച്ചോളും എന്നും ഷെയ്ൻ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.
നിർമാതാവ് ജോബി ജോർജും ഷെയ്ൻ നിഗമും തമ്മിലുള്ള തർക്കത്തെ തുടർന്ന് വിവാദമായ ചിത്രമാണ് വെയിൽ. വെയിലിന് വേണ്ടി നീട്ടി വളർത്തിയ മുടി
മുറിച്ചതിന്റെ പേരിൽ ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഷെയ്ൻ നിഗം ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി ജോബി ജോർജ് വാർത്താസമ്മേളനം നടത്തി. ഷെയ്ൻ നിഗം എ.എം.എം.എ യ്ക്കും ജോബി ജോർജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതി നൽകി. തുടർന്ന്
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും എ.എം.എം.എ യുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ. വെയിലുമായി സഹകരിക്കാമെന്ന് ഷെയ്ൻ വാക്ക് നൽകിയിരുന്നു. ഇത് ഷെയ്ൻ ലംഘിച്ചെന്നാണ് ആരോപണം.