Top Stories
ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൾക്കും വൈസ് പിൻസിപ്പൾക്കും സസ്‌പെൻഷൻ
കൽപ്പറ്റ: ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, ഹൈസ്കൂളിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ കെ. കെ. മോഹനൻ എന്നിവരെ വിദ്യാഭ്യാസ ഡപ്യൂട്ടിഡയറക്ടർ സസ്പെൻഡ് ചെയ്തു.
സ്കൂൾ പി.ടി.എ പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷിനെ ചുമതലപ്പെടുത്തി.
സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും സ്കൂൾ പി.ടി.എ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ വിദ്യാഭ്യാസ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ബുധനാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിച്ചതിനെ തുടർന്ന് മരിച്ചത്. കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്. ഷെഹ്ലയുടെ മരണത്തിൽ കടുത്തപ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.