Top Stories
മഹാരാഷ്ട്ര, കണക്കുകൂട്ടലുകൾ തെറ്റിച്ചു ബി ജെ പി അധികാരത്തിലേറി
മുംബൈ: മഹാരാഷ്ട്രയിൽ വൻ അട്ടിമറി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ സി പി യിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ ബിജെപി-എൻസിപി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.സത്യപ്രതിജ്ഞ നടന്നത് രാവിലെ 8 മണിക്ക്.
ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഇന്ന് സർക്കാർ രൂപീകരണം നടത്തുമെന്ന വാർത്തകൾക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. പുലർച്ചെ 6 മണിക്കാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിൻവലിച്ചത്.
അതേസമയം സഖ്യതീരുമാനം അറിഞ്ഞില്ലെന്ന് ശരത്പവാർ പ്രതികരിച്ചു. ഒറ്റരാത്രികൊണ്ടാണ് മഹാരാഷ്ട്രയിൽ ബി ജെ പി രാഷ്ട്രീയ അട്ടിമറി നടത്തിയത്. അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് ശിവസേനയും കോൺഗ്രസ്സും. പിന്നിൽ നിന്നുള്ള കുത്തെന്ന് ശിവസേനയും രാഷ്ട്രീയ ചതിയെന്ന് കോൺഗ്രസ്സും പ്രതികരിച്ചു.
ശരത്പവാറിന്റെ കുടുംബത്തിനകത്തു നിലനിക്കുന്ന അഭിപ്രായവ്യതാസങ്ങളാണ് ബി ജെ പി ക്ക് ഗുണമായത്. ശരത്പവാറിനേക്കാൾ അജിത്പവാറിനാണ് മഹാരാഷ്ട്ര എൻ സി പി യിൽ മുൻതൂക്കം. ഈ സ്വാധീനം മുൻനിർത്തിയാണ് അപ്രതീക്ഷിത നീക്കത്തിന് അജിത്പവാർ തുനിഞ്ഞത്.
കൂറുമാറിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് എൻ സി പി കേരള ഘടകം അറിയിച്ചു. കേരളത്തിലെ എൻ സി പി ഇടതുപക്ഷത്തിനൊപ്പമാണെന്നും നേതാക്കൾ അറിയിച്ചു.