മഹാരാഷ്ട്ര, കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ല എൻ.സി.പി കേരള ഘടകം
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം എൻസിപി എംഎൽഎ മാർ ബി.ജെ.പിക്ക് പിന്തുണ കൊടുത്തത് കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് എൻ.സി.പി കേരള ഘടകം. പാർട്ടി പിണറായി സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വ്യക്തമാക്കി.അജിത്ത് പവാറിനെതിരേ പാർട്ടി നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംഭരൻ മാസ്റ്റർ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ എൻസിപി ബിജെപി സഖ്യം കേരളത്തിലെ എൻ.സി.പി നേതൃത്വത്തെയും ഞെട്ടിച്ചു. സഖ്യത്തെ കുറിച്ച് നേതാക്കളിൽ പലരും ടി.വിയിലൂടെയാണ് അറിഞ്ഞത്.
മഹാരാഷ്ട്രയിലെ എൻ.സി.പി ബന്ധം കേരളത്തിലെ ഇടത് ബന്ധത്തെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എൽ.എ പറഞ്ഞു. മഹാരാഷ്ട്രയിലെ അട്ടിമറിയ്ക്കു കാരണം കോൺഗ്രസ് നേതൃത്വത്തിന്റ കഴിവുകേടാണെന്ന് തോമസ് ചാണ്ടി ആരോപിച്ചു.