Top Stories
ഇന്ത്യയിലെ ജനങ്ങൾക്ക് രാജ്യതാത്പര്യമാണ് മറ്റെല്ലാത്തിനേക്കാളും വലുതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി വിധി വന്നശേഷം രാജ്യത്തെ ജനങ്ങൾ പ്രകടിപ്പിച്ച സംയമനത്തെയും പക്വതയേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങൾക്ക് രാജ്യതാത്പര്യമാണ് മറ്റെല്ലാത്തിനേക്കാളും വലുതെന്ന് വ്യക്തമാക്കുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണമെന്ന് ‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയുടെ 59-ാം പതിപ്പിൽ നരേന്ദ്ര മോദി പറഞ്ഞു.
ചരിത്ര വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതോടെ പുതിയ പാതയിലൂടെ മുന്നേറാൻ രാജ്യത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയിൽ രാജ്യത്തിന് മുന്നേറാൻ കഴിയുമെന്നാണ് കരുതുന്നത്.സമാധാനവും ഐക്യവും സൗമനസ്യവുമാണ് രാജ്യത്തിന് വലുതെന്ന് തെളിയിക്കപ്പെട്ടു.
വിശാല മനസോടെയാണ് സുപ്രീം കോടതി വിധിയെ ജനങ്ങൾ സ്വാഗതം ചെയ്തത്. വർഷങ്ങൾ നീണ്ട നിയമയുദ്ധം അവസാനിച്ചതിനൊപ്പം തന്നെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം രാജ്യത്ത് വർധിക്കുകയും ചെയ്തു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലെ സുപ്രധാന നാഴികക്കല്ലായിരുന്നു സുപ്രീം കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.