News
നിദയെ വീട്ടിലെത്തി അഭിനന്ദിച്ച് രമേശ് ചെന്നിത്തല
ഷെഹ്‌ല ഷെറിൻ പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ പുറം ലോകത്തോട് വിളിച്ചുപറഞ്ഞ കൂട്ടുകാരി നിദ ഫാത്തിമയെ അഭിനന്ദിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
നിദയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ച്ചാണ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്.ഷെഹ്‌ല മരിച്ചതിൽ അധ്യാപകരുടെ പങ്ക് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞതിന് നിദ ഉൾപ്പെടെയുള്ള കുട്ടികളെ ചിലർ ഭീഷണിപ്പെടുത്തുന്നതായും, ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും, CWC അടിയന്തിരമായി ഇടപെടണമെന്നും ചെന്നിത്തല ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്
‘നിദ ഫാത്തിമ ഒരു പ്രതീക്ഷയാണ്. അനീതിക്കെതിരെ ചൂണ്ടുവിരൽ ഉയർത്തി പോരാടുന്ന നിദയെപോലുള്ള കുട്ടികളാണ് തെറ്റുകളെ തടഞ്ഞുനിർത്തുന്നത്.എന്നാൽ സത്യം തുറന്നുപറഞ്ഞ നിദ ഉൾപ്പെടെയുള്ള കുട്ടികളെ ചിലർ ഭീഷണിപ്പെടുത്തുന്നു എന്നറിഞ്ഞു. ഇത്തരക്കാർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുക്കണം. സി.ഡബ്ല്യു. സി ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം.
സത്യം പുറംലോകത്ത് എത്തിക്കാൻ സഹായിച്ച നിദയെ വീട്ടിലെത്തി അഭിനന്ദിച്ചു.
കൂട്ടുകാരി ഷെഹ്‌ല ഷെറിനെ പാമ്പ് കടിച്ച വിവരം പറഞ്ഞിട്ടും അവഗണിച്ച അധ്യാപകർക്കെതിരെ നിദ പൊട്ടിത്തെറിക്കുകയായിരുന്നു. ഉറച്ച ശബ്‍ദത്തോടെ സത്യം വെട്ടിതുറന്ന് പറഞ്ഞ ഈ കുട്ടി ഉൾപ്പെടെ ഷെഹലയുടെ കൂട്ടുകാരാണ് മരണത്തിന്റെ കാരണക്കാരിലേക്ക് വിരൽ ചൂണ്ടിയത്.’