Top Stories
സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഒറ്റയടിക്ക് കൊല്ലുന്നതല്ലേ ഇതിലും ഭേദം.സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി നഗരത്തിൽ രൂക്ഷമായി തുടരുന്ന വായുമലിനീകരണം തടയാൻ നടപടിയെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ജനങ്ങളെ എന്തിനാണ് ഗ്യാസ് ചേംബറിൽ ജീവിക്കാൻ അനുവദിക്കുന്നത്. ഇതിലും ഭേദം 15 ബാഗ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഒറ്റയടിക്ക് കൊല്ലുന്നതല്ലേയെന്നും കോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചു. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
‘വായുമലിനീകരണം മൂലം ദശലക്ഷകണക്കിന് ആളുകളുടെ ആയുസു കുറയുകയാണ്. ജനങ്ങളെ ഇത്തരത്തിലാണോ പരിഗണിക്കേണ്ടത്.പൗരൻമാരുടെ ആയുസ് കുറയ്ക്കാൻ ഒരു സർക്കാരിനെയും അനുവദിക്കില്ല’എന്നും കോടതി പറഞ്ഞു.
പാടങ്ങളിലെ വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് ചീഫ് സെക്രട്ടറിയോട് കോടതി ചോദിച്ചു. പഞ്ചാബ് കൃത്യമായ നടപടികളെടുക്കാത്തതിനാൽ ഡൽഹിയിലെ ജനങ്ങൾ പുക ശ്വസിച്ച് മരിക്കുകയും കാൻസർ അനുഭവിക്കുകയും ചെയ്യുന്നുവെന്നും കോടതി വിമർശിച്ചു.
താഴെതട്ടിലുള്ളത് മുതൽ എല്ലാ സ്ഥാപനങ്ങൾക്കും വൻ പിഴ ഈടാക്കും. വായുമലിനീകരണവും പുകയും നിയന്ത്രിക്കാൻ 2018 ജനുവരിയിൽ സമിതി രൂപീകരിച്ചിട്ടും ഒരു നടപടിയും ഇതുവരെ കൈകൊണ്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മാലിന്യങ്ങൾ കത്തിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് ഉണ്ടായിട്ടും എന്തുകൊണ്ട് അത് പാലിക്കുന്നില്ല. മലിനീകരണപ്രശ്നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും കോടതി പറഞ്ഞു.