ഡൽഹി : മഹാരാഷ്ട്ര കേസിൽ നാളെ രാവിലെ 10.30ന് വിധി പറയും. കേസിൽ വിശദമായ വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ച് കേസ് നാളത്തേക്ക് മാറ്റിയത്.ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം മാത്രമേ നാളെ രാവിലെ കോടതിവിധിയിൽ വ്യക്തമാക്കു. തങ്ങൾക്ക് മുന്നിലുള്ള വിഷയം മഹാരാഷ്ട്ര നിയമസഭയിൽ നടക്കേണ്ട വിശ്വാസവോട്ടെടുപ്പാണെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച വിഷയം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി വാദത്തിനിടയിൽ വ്യക്തമാക്കിയിരുന്നു.
ഗവർണറുടെ തീരുമാനത്തിന്റെ പകർപ്പ് തന്റെ കൈവശം ഉണ്ടെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത പറഞ്ഞു. അജിത് പവാർ തന്റെ കൂടെ 54 എം.എൽ.എമാരുണ്ടെന്ന് കാട്ടി ഗവർണർക്ക് നൽകിയ കത്തും തുഷാർ മേത്ത കോടതിയിൽ വായിച്ചു. താൻ ബി.ജെ.പിയോടൊപ്പം ചേരുകയാണെന്നുള്ള പ്രസ്താവനയും എം.എൽ.എമാരുടെ ഒപ്പുകളുമാണ് കത്തിൽ ഉണ്ടായിരുന്നത്തു. സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ ക്ഷണിക്കാനുള്ള അധികാരം ഗവർണർക്ക് ഉണ്ടെന്നും, ഗവർണർക്ക് അജിത് പവാറിന്റെ വാക്കുകൾ അവിശ്വസിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നുവെന്നും ബി.ജെ.പി – എൻ.സി.പി സഖ്യത്തിന് 106 എം.എൽ.എമാരുടെ പിന്തുണ സർക്കാർ രൂപീകരിക്കാനായി ഉണ്ടായിരുന്നുവെന്നും തുഷാർ മേത്ത കോടതിയിൽ വാദിച്ചു.
വിശ്വാസവോട്ടെടുപ്പിലൂടെയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് എന്നതിൽ ആർക്കും എതിർപ്പില്ലെന്നും, സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ഇക്കാര്യത്തിൽ
ഒരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും ഫഡ്നാവിസിന്റെ അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞപ്പോൾ മുൻപും 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഗവർണറുടെ അധികാരത്തിൽ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഫഡ്നാവിസിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകർ കോടതി പറഞ്ഞു.ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി 14ദിവസത്തെ സമയം തേടി.
പ്രൊടൈം സ്പീക്കറെ തിരഞ്ഞെടുത്ത് ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയും ആവശ്യപ്പെട്ടു.
170 എംഎൽഎമാരുടെ പിന്തുണയുള്ളത് കൊണ്ടാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഫഡ്നാവിസിനെ ക്ഷണിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എൻസിപിയുടെ 54 ഉം സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻസിപിയുടെ നിയമസഭാ കക്ഷി നേതാവ് അജിത് പവാറാണെന്നും അവരുടെ എംഎൽഎമാർ ഒപ്പിട്ട കത്ത് അദ്ദേഹം ഗവർണർക്ക് നവംബർ 22-ന് സമർപ്പിച്ചിട്ടുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നീ പാർട്ടികൾക്ക് വേണ്ടി കപിൽ സിബൽ, മനു അഭിഷേക് സിംഗ്‌വി എന്നിവരാണ് ഹാജരായത്.സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത്. ബി.ജെ.പി, എൻ.സി.പി, കോൺഗ്രസ്, ശിവസേന നേതാക്കളും കോടതിയിൽ ഉണ്ടായിരുന്നു. കേസിൽ മനീന്ദ്ര സിംഗ് അജിത് പവാറിനെയും മുകുൾ റോത്തഗി ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടിയും ഹാജരായി.