പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ, കൊല്ലം ജില്ലാ ആശുപത്രി കാർഡിയോളജി യൂണിറ്റ് അടച്ചുപൂട്ടേണ്ട അവസ്ഥയിൽ
കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം അടച്ചുപൂട്ടലിന്റെ വക്കിൽ. പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ കുറ്റകരമായ അനാസ്ഥ കാരണം കാർഡിയോളജി വിഭാഗം അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്ന് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് ന്യൂസ്‌നെറ്റ് കേരളയോട് പറഞ്ഞു.
ആർദ്രം മിഷൻ പ്രകാരം എല്ലാ ആശുപത്രിയിലെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി രോഗീ സൗഹൃദ പരിചരണം സാധ്യമാക്കാനായി കോടിക്കണക്കിനു രൂപ സർക്കാർ ചിലവഴിക്കുമ്പോഴാണ്, ഒന്നര മാസമായിട്ടും ഒരു ലിഫ്റ്റിന്റെ പോലും പണിപൂർത്തിയാക്കാൻ കഴിയാതെ കൊല്ലം ജില്ലാ ആശുപത്രി രോഗികൾക്ക് മാത്രമല്ല ഡെഡ് ബോഡികൾക്കു വരെ ദുരിതം പകരുന്നത്.
ലിഫ്റ്റിന്റെ കാര്യത്തിൽ മാത്രമല്ല, കൊല്ലം ജില്ലാ ആശുപത്രിയിലെ അധികൃതരുടെ കുറ്റകരമായ അനാസ്ഥയുടെ വിവരങ്ങൾ ഇനിയുമുണ്ട്.
പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കവറുകൾ രോഗികളോ കൂട്ടിരിപ്പുകാരോ കൊണ്ടുവരുന്നത് പോലും നിരോധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ആഗസ്ത് 15 ന് ഹരിതകേരളം പരിപാടിയുടെ ഭാഗമായി ജില്ലാ ആശുപത്രിയുടെ മുന്നിലുള്ള പൂന്തോട്ടത്തിൽ പ്ലാസ്റ്റിക് പുല്ലുകൾ വച്ചുപിടിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തു നിന്നും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി, ഫ്ളക്സുകളും, ക്യാരി ബാഗുകളും, പ്ലാസ്റ്റിക്കിൽ ഉണ്ടാക്കിയ ത്രിവർണ പതാകപോലും നിരോധിച്ച നമ്മുടെ നാട്ടിൽ സർക്കാർ ജില്ലാ ആശുപത്രിയുടെ മുറ്റത്ത് പ്ലാസ്റ്റിക് പുൽച്ചെടി. വെള്ളമൊഴിക്കണ്ട, വളമിടേണ്ട, വെയിലത്ത് വാടുകയുമില്ലാ.
മോർച്ചറിയുടെ സമീപമുള്ള വേസ്റ്റ് നിർമാർജന പ്ലാന്റ് പൊട്ടിപ്പൊളിഞ്ഞിട്ട് അവിടെ കത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ വിഷപ്പുക പടർന്നു രോഗികൾക്ക് അസ്വസ്ഥത ഉണ്ടാകുന്നത് പതിവാണ്. സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് ആശുപത്രിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോഴുള്ള വിഷപ്പുകയേറ്റ് അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് അവർ പ്രതിഷേധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സ്കൂൾ വിട്ട ശേഷം മാത്രമേ പ്ലാസ്റ്റിക് കത്തിക്കാറുള്ളൂ. അതാകുമ്പോൾ, വിഷപ്പുക രോഗികൾ മാത്രം ശ്വസിച്ചാൽ മതിയല്ലോ.