ടെലിഗ്രാം ക്രിമിനലുകളുടെ സുരക്ഷിത താവളം
കൊച്ചി:ടെലഗ്രാം മൊബൈൽ ആപ്പ് കൃമിനൽ പ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നു എന്ന് പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ടെലിഗ്രാം ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറിയെന്നും, ടെലഗ്രാം പോലീസിന് യാതൊരു വിവരങ്ങളും കൈമാറുന്നില്ലന്നും സത്യവാങ്മൂലത്തിൽ പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ഫെയ്സ്ബുക്ക് മെസഞ്ചറിനെയും വാട്സാപ്പിനെയും പോലെ ടെലഗ്രാം പോലീസുമായി സഹകരിക്കുന്നില്ലന്നും, കേരളാ പോലീസിന് ടെലഗ്രാം ഇതുവരെ ഒരു ഉപഭോക്താവിന്റെയും വിവരം നൽകിയിട്ടില്ലന്നും കോടതിയിൽ വ്യക്തമാക്കി.
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ഇത്തരം ആപ്പുകളെ ബാധ്യസ്ഥരാക്കുന്ന നടപടി അത്യാവശ്യമാണെന്നും പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ പോലീസ് ആവശ്യപ്പെട്ടാൽ വിവരം നൽകാൻ ആപ്പുകൾ തയ്യാറാകണം.
ഫേസ്ബുക് മെസ്സഞ്ചർ, വാട്സാപ്പ് പോലുള്ള മെസേജിങ് ആപ്പുകൾ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യുന്നത്. യൂസർനെയിം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്ന ടെലിഗ്രാമിൽ ഉപഭോക്താവിന് രഹസ്യമായിരിക്കാനാകും, അശ്ളീല വീഡിയോകളും സിനിമകളുമൊക്കെ പിടിക്കപ്പെടാതെ പങ്കുവെക്കാനും ഇതിലൂടെ കഴിയും.