മഹാരാഷ്ട്ര, ഫഡ്‌നവിസും ഒടുവിൽ രാജി പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നവിസ് രാജിവെച്ചു. നേരത്തെ ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപി നേതാവായ അജിത് പവാർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്നവിസും രാജിവെച്ചത്. വൈകിട്ട് മാധ്യമങ്ങളെ കണ്ട ഫഡ്നവിസ് രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. മാധ്യമങ്ങളെ കാണുന്നതിന് മുമ്പ് ഫഡ്നവിസ് ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു.
മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തിനില്ലെന്നും ഒരു പാർട്ടിയേയും പിളർത്താനില്ലെന്നും ഫഡ്നവിസ് പറഞ്ഞു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തെ സോണിയഗാന്ധിക്ക് ശിവസേന അടിയറ വെച്ചെന്നും ഫഡ്നവിസ് ആരോപിച്ചു.
നാളെ വൈകുന്നേരം 5 മണിക്ക് മുൻപ് വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. രഹസ്യ ബാലറ്റ് പാടില്ല, നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണം, ഗവർണർ ഉടൻതന്നെ പ്രൊട്ടേം സ്പീക്കറെ തിരഞ്ഞെടുക്കണമെന്നും ശേഷം എംഎൽഎ മാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും രാവിലെ തന്നെ നിയമസഭ വിളിച്ചുകൂട്ടി എത്രയും പെട്ടെന്നുതന്നെ വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.