മഹാരാഷ്ട്ര, വിശ്വാസ വോട്ടെടുപ്പ് എന്ന് നടക്കുമെന്ന് ഇന്നറിയാം
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എപ്പോൾ വിശ്വാസവോട്ട് നടക്കുമെന്ന് ഇന്നറിയാം.ഫഡ്നാവിസിന്റെ സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ത്രികക്ഷിസഖ്യം നൽകിയ ഹർജിയിൽ ചൊവ്വാഴ്ച രാവിലെ 10.30-ന് സുപ്രീംകോടതി വിധിപറയും. ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്നവിസിന് ഗവർണർ അനുവദിച്ച സമയം സുപ്രീംകോടതി വെട്ടിച്ചുരുക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം മാത്രമേ ഇന്നത്തെ കോടതിവിധിയിൽ വ്യക്തമാക്കു. തങ്ങൾക്ക് മുന്നിലുള്ള വിഷയം മഹാരാഷ്ട്ര നിയമസഭയിൽ നടക്കേണ്ട വിശ്വാസവോട്ടെടുപ്പാണെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച വിഷയം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി ഇന്നലെ വാദത്തിനിടയിൽ വ്യക്തമാക്കിയിരുന്നു.
170 എം.എൽ.എ.മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്നവിസ് നൽകിയ കത്തും അതിന്റെയടിസ്ഥാനത്തിൽ അദ്ദേഹത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ കത്തും സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി.
അജിത് പവാറിനെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തുകൊണ്ട് എൻ.സി.പി.യുടെ 54 അംഗങ്ങൾ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണയും വ്യക്തമാക്കിയാണ് ഫഡ്നവിസ് കത്തുനൽകിയത്.ഇതു വിശദമായി പരിശോധിച്ചാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച് വാദംകേട്ടത്.