Top Stories
ശബരിമല, യുവതികളെ കയറ്റിവിടില്ലെന്ന നിലപാടിൽ പോലീസ്
പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് പോലീസ്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തേക്ക് കടത്തി വിടേണ്ടതില്ലെന്നാണ് നിലവില്‍ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന കർശനമാക്കി.
ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായത്തിൽ സംശയം തോന്നിയാൽ പരിശോധിച്ചിട്ടു മാത്രമാണ് പോലീസ് കടത്തിവിടുന്നത്.ശബരിമലയിലേക്ക് എത്തുന്ന മുഴുവന്‍ വാഹനങ്ങളേയും പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും യുവതികളുമായെത്തുന്ന വാഹനങ്ങളെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ തടയുന്നുണ്ട് ശേഷം പത്ത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരെ പമ്പയില്‍ തടഞ്ഞുവെച്ച്, സംഘത്തിലുള്ളവര്‍ തീര്‍ഥാടനം കഴിഞ്ഞെത്തുന്നതു വരെ പമ്പയില്‍ തുടർന്നശേഷം തിരികെ അയക്കുകയാണ് പോലീസ് ചെയ്യുന്നത്.
യുവതി പ്രവേശന വിധിയിലെ പുനര്‍ പരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിധി വരുന്നതുവരെ യുവതി പ്രവേശനം നടത്തേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കുന്നത്.