Top Stories
ഓൺലൈൻ വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങള്ള നിയന്ത്രിക്കാനുള്ള നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ. ഇതിനായുള്ള രജിസ്ട്രേഷൻ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കൽ( ആർപിപി) ബിൽ 2019ന്റെ കരടിന് രൂപമായി. ഇത് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാർ അയച്ചുകൊടുക്കുകയും ചെയ്തു. ഓൺലൈൻ മാധ്യമങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മാധ്യമങ്ങളുടെ ഉടമകളെ ഗുരുതര വകുപ്പുകൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള നിർദ്ദേശങ്ങളും ആർപിപി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള 1867ലെ പ്രസ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്സ് (പിആർബി) ചട്ടങ്ങൾക്ക് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
വർത്തമാന പത്രങ്ങൾ രജിസ്റ്റർ ചെയ്യുന്ന അതേ മാതൃകയിൽ ഡിജിറ്റൽ മാധ്യമങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് നിയമത്തിന്റെ 18ാം വകുപ്പിൽ വ്യവസ്ഥ ചെയ്യുന്നു. ആയിരക്കണക്കിന് വാർത്താ വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. മൗലികാവകാശങ്ങൾ, രാജ്യസുരക്ഷ എന്നിവയെ ഹനിക്കുന്ന വിധത്തിലുള്ള വാർത്തകൾ നൽകരുതെന്നാണ് നിലവിലുള്ള പിആർബി ചട്ടം. പുതിയ നിയമം വരുന്നതോടെ ഡിജിറ്റൽ മാധ്യമങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കഴിയും. ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനമായി ഓഗസ്റ്റിൽ നിജപ്പെടുത്തിയിരുന്നു.
ഇന്ത്യൻ പൗരനായിരിക്കണം എഡിറ്റർ എന്ന വ്യവസ്ഥയും നിർദ്ദിഷ്ട ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം നിലവിലുള്ള പിആർബി ചട്ടങ്ങളിലില്ല. രജിസ്ട്രേഷൻ നൽകുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രസ് രജിസ്ട്രാർ ജനറലിന് മാത്രമായിരിക്കും.
വർത്തമാന പത്രങ്ങൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും പരസ്യങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കാനും സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിക്കുന്നു.