Top Stories

പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർഡിഎസ് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി സർക്കാർ

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർഡിഎസ് കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ നടപടികൾ തുടങ്ങിയതായി സർക്കാർ  ഹൈക്കോടതിയെ അറിയിച്ചു.

കമ്പനിക്ക് സംസ്ഥാനത്തെ യാതൊരു നിർമാണ പ്രവൃത്തികളും നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.  പുനലൂർ- പൊൻകുന്നം റോഡ് നിർമാണത്തിന് ആർഡിഎസ്, ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് എന്നീ കമ്പനികൾ ചേർന്നുള്ള കൺസോർഷ്യത്തിനാണ് കരാർ നൽകിയിരുന്നത്. ഈ കരാറിൽ നിന്ന് ഇവരെ സർക്കാർ ഒഴിവാക്കി. അതിനെതിരെ ആർഡിഎസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ആർഡിഎസ് കമ്പനിക്കെതിരെ നിലവിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതുകൊണ്ട് ആർഡിഎസിനോ അവർ ഉൾപ്പെടുന്ന കൺസോർഷ്യത്തിനോ മേലിൽ യാതൊരു നിർമാണ പ്രവൃത്തികളും നൽകില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

മതിയായ കാരണങ്ങളുണ്ടെങ്കിൽ കരാറുകാരെ ഒഴിവാക്കുമെന്ന് ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ട്. അതനുസരിച്ചാണ് നടപടിയെന്നും സർക്കാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button