ബൈക്ക് യാത്രക്കാരനെ എറിഞ്ഞുവീഴ്ത്തിയ പോലീസ് നടപടി ‘അപരിഷ്‌കൃത’മെന്ന് രമേശ് ചെന്നിത്തല
കൊല്ലം : കടക്കലിൽ വാഹന പരിശോധനക്കിടെ അമിത വേഗതയിൽ വന്ന ബൈക്ക് ചൂരൽ വച്ചു എറിഞ്ഞുവീഴ്ത്തിയ പോലീസ് നടപടിയെ ‘അപരിഷ്‌കൃതം’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.
പൊലീസിന്റെ മേൽ സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാ തായതിന്റെ തെളിവാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് കൊല്ലം കടക്കലിൽ വാഹനപരിശോധനക്കിടെ പോലീസിന്റെ അതിക്രമം. 19 കാരനായ സിദ്ദിഖ് എന്ന യുവാവ് ബൈക്കിൽ വന്നപ്പോൾ, പോലീസ് റോഡിലേക്ക് ചാടിയിറങ്ങി കാളികാണിക്കുകയും വണ്ടി പിടിക്കാൻ നിന്ന പോലീസ് കൈകാണിച്ചിട്ട് നിർത്താത്തതിനാൽ ചൂരൽ കൊണ്ട് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. തുടർന്ന് എതിരെ വരികയായിരുന്ന ഇന്നോവ കാറിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു അപകടമുണ്ടായി. അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യ്തു.
വാഹന പരിശോധനയിൽ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് ഹൈക്കോടതിയുടെ കർശന നിദ്ദേശം നിലനിൽക്കെയാണ് വീണ്ടും പോലീസിന്റെ നര നായാട്ട്. പതുങ്ങിനിന്നും, ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിന്നാലെ പാഞ്ഞു പിടിക്കരുതെന്നും കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയത്. ഇത്തരം അതിസാഹസികത കാരണം നിരവധി പേർ മരിച്ചിട്ടുണ്ടെന്നും, ഇതിനു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു.