Top Stories
തിരഞ്ഞെടുപ്പ് സത്യവാഗ്മൂലത്തിൽ ക്രിമിനൽ കേസ് മറച്ചുവച്ചു, ഫഡ്നാവിസിന് കോടതിയുടെ സമൻസ്
നാഗ്പൂർ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമൻസ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽക്രിമിനൽ കേസിൽ പ്രതിയായിരുന്നുവെന്ന കാര്യം മറച്ചുവച്ചതിനാണ് കോടതി സമൻസ് അയച്ചത്. അപ്രതീക്ഷിതമായി സത്യപ്രതിജ്ഞ ചെയ്യുകയും, മണിക്കൂറിനുള്ളിൽ രാജിവച്ച് ഒഴിയേണ്ടി വരുകയും ചെയ്തതിന് പിന്നാലെയാണ് ഫഡ്നാവിസിന് കുരുക്കായി കോടതിയുടെ സമൻസ് എത്തിയത്.കോടതിയുടെ സമൻസ് നാഗ്പൂർ പോലീസ് ഫഡ്നാവിസിന്റെ വസതിയിലെത്തി കൈമാറി. ശിവസേന, എൻസിപി, കോൺഗ്രസ് സർക്കാർ അധികാരമേറ്റ അതേ ദിവസം തന്നെയായിരുന്നു ഫഡ്നാവിസിന് സമൻസും എത്തിയത്.
ക്രിമിനൽ കേസുള്ള കാര്യം മറച്ചുവച്ചതിന് ഫഡ്നാവിസിനെതിരെ ക്രിമിനൽ നടപടിക്ക് അനുമതി തേടി കോടതിയെ സമീപിച്ചത് സതീഷ് എന്ന അഭിഭാഷകൻ ആയിരുന്നു . കീഴ്ക്കോടതിയും ഹൈക്കോടതിയും അഭിഭാഷകന്റെ ഹർജി തള്ളി.എന്നാൽ സുപ്രീംകോടതി മജിസ്ട്രേറ്റ് കോടതിയോട് അപേക്ഷയിൽ തീരുമാനമെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് നവംബർ നാലിന് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.