Spiritual

വ്യാഴ മാറ്റത്തെ ഭയക്കേണ്ടതില്ല, ഒരു രൂപാ പോലും ചിലവില്ലാതെ വ്യാഴ ദോഷങ്ങൾക്ക് പരിഹാരം കാണാം.

വ്യാഴം 12 വർഷങ്ങൾക്കു ശേഷം സ്വന്തം രാശിയായ ധനുരാശിയിലേക്ക്  പ്രവേശിച്ചിരിക്കുന്നു. തന്മൂലം ഇടവം,  കർക്കിടകം, കന്നി, തുലാം, ധനു,  മകരം, മീനം തുടങ്ങിയ രാശികളിൽ പെട്ട നക്ഷത്രങ്ങൾക്ക് ദോഷ കാലമാണെന്നുള്ള വ്യാപകമായ പ്രചാരണത്തിൽ മനസ്സമാധാനം നഷ്ടപ്പെട്ട ധാരാളം ആളുകൾ, ജോതിഷാലങ്ങളിലും,  പരിഹാരക്രിയകളിലും ധാരാളം സമയവും പണവും ചിലവഴിക്കുന്നുണ്ട്. സത്യത്തിൽ ഈ വ്യാഴമാറ്റത്തെ പരിഭ്രാന്തിയോടെ കൂടിക്കണ്ട് പണം ചെലവഴിക്കേണ്ട കാര്യമൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് ജ്യോതിഷ പണ്ഡിതൻ ഡോക്ടർ ഗോപാലകൃഷ്ണ ശർമ.

ഒരു രൂപ പോലും ചിലവില്ലാതെ നിങ്ങൾക്ക് വ്യാഴ ദോഷത്തിന് പരിഹാരം കാണാം. ദിവസേന വെറും 15 മിനിറ്റ് സമയം ചെലവഴിച്ചാൽ മതി.

വിഷ്ണു പ്രീതിയാണ് വ്യാഴ ദോഷത്തിന് ഏക പരിഹാരം. വിഷ്ണു പ്രീതിക്ക് വിഷ്ണു സഹസ്രനാമ പാരായണത്തിൽ കവിഞ്ഞ മറ്റൊരു വഴിയുമില്ല. വ്യാഴത്തിന് അധിപനായ മഹാവിഷ്ണുവിന്റെ സഹസ്രനാമ പാരായണം എല്ലാതരത്തിലുമുള്ള സംസാര ദുഃഖങ്ങളിൽ നിന്നും ആപത്തുകളിൽനിന്നും നമ്മെ കാത്തുരക്ഷിച്ചു നമ്മളിൽ ഒരു  രക്ഷാകവചമായി രൂപപ്പെടും. നിത്യവും ശ്രദ്ധയോടെ വിഷ്ണുസഹസ്രനാമ പാരായണം നടത്തിയാൽ വ്യാഴ ദോഷങ്ങൾ എന്നല്ല യാതൊരു ഗ്രഹ ദോഷങ്ങളും നമ്മെ ബാധിക്കില്ല. എത്ര വലിയ കർമ്മിയെക്കൊണ്ട് എത്ര പണം മുടക്കി പൂജ ചെയ്താലും നാം സ്വയം ഭഗവാന്റെ നാമങ്ങൾ ഉരുവിടുന്നതിന്റെ ഫലംപോലെ  ഒരിക്കലും കിട്ടില്ല, കാരണം നാം ചെയ്ത കർമ്മ ഫലമാണ് നാം അനുഭവിക്കുന്നത് അതിന്റെ ദോഷ കാഠിന്യം കുറയ്ക്കണമെങ്കിൽ നാം തന്നെ ഈശ്വരനെ വിളിച്ചേ മതിയാകൂ.

ഗ്രഹങ്ങൾ ഫല ദാതാക്കൾ അല്ല ഫല സൂചകങ്ങളാണ്. ഗ്രഹങ്ങൾ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ജീവനില്ലാത്ത വസ്തുക്കൾ ആണ്. ഒരു തെർമോമീറ്റർ ശരീരത്തിലെ ഊഷ്മാവിനെ കാണിക്കുന്ന ഒന്നാണ്, അല്ലാതെ തെർമോമീറ്റർ അല്ല ശരീരത്തിൽ ഊഷ്മാവ് വർദ്ധിക്കുന്നതിന് കാരണം. അതുപോലെതന്നെ ഗ്രഹങ്ങൾ നമ്മുടെ പൂർവ്വജന്മത്തിൽ നമ്മൾ ചെയ്ത ഫലത്തെ കാണിച്ചുതരുന്നു,  ഇന്നത്തെ നമ്മുടെ അവസ്ഥയ്ക്ക് കാരണം നാം തന്നെയാണ് അല്ലാതെ ഗ്രഹങ്ങൾ അല്ല.

ജ്യോതിശാസ്ത്രങ്ങളിലൂടെ ഗ്രഹങ്ങളുടെ സ്ഥിതി അറിഞ്ഞ്, മായയുടെ പ്രഭാവം കൊണ്ട് നമ്മൾ മറന്നു പോയ നമ്മുടെ തന്നെ മുജ്ജന്മ കർമങ്ങളെ മനസ്സിലാക്കി, ഈ ജന്മത്തിൽ നമ്മെ സൽകർമ്മം ചെയ്യാൻ പ്രേരിപ്പിച്ച് നേർവഴിയിലേക്ക് നയിക്കുന്ന ഒരു ടൂൾ ആണ് ജ്യോതിശാസ്ത്രം. അത് നമ്മൾ മനസ്സിലാക്കുന്നത് ഗ്രഹങ്ങളുടെ സൂചനകളിലൂടെ ആണ്.

കർമ്മമാണ് എല്ലാത്തിനും അടിസ്ഥാനം. കാലത്തെ നിർണയിക്കുന്നത് ഘടികാരം അല്ല കാലത്തെ സൂചിപ്പിക്കുന്നതാണ് ഘടികാരം അതുപോലെ ഗ്രഹങ്ങൾ നമ്മുടെ ജന്മാന്തര കർമ്മങ്ങളെ മനസ്സിലാക്കി ഈ ജന്മത്തിലെ ഫലങ്ങളെ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഗ്രഹങ്ങളെയും ഗ്രഹങ്ങളുടെ രാശി മാറ്റത്തെയും നമ്മൾ പേടിക്കേണ്ടതില്ല. ചിട്ടയായ ജീവിതം കൊണ്ടും ഈശ്വര നാമങ്ങൾ ഉരുവിടുന്നത് കൊണ്ടും എല്ലാവിധ ഗ്രഹദോഷങ്ങളുടെയും കാഠിന്യം കുറയും.
Dr.ഗോപാലകൃഷ്ണ ശർമ്മ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button