Top Stories
സിദ്ധാരാമയ്യക്കും കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്.കോടതി നിർദേശ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
എ.മല്ലികാർജുൻ എന്നയാളുടെ പരാതിയിലാണ് ബംഗളുരു പോലീസ് കേസെടുത്തത്.ബംഗളുരു സി.സി.എച്ച് കോടതിയുടെ നിർദേശത്തെ തുടർന്ന് കൊമേഴ്സ്യൽ സ്ട്രീറ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപകീർത്തിപ്പെടുത്തൽ,രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.
മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര, പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുൻ മന്ത്രി ഡി.കെ ശിവകുമാർ തുടങ്ങി 23 രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ടി.സുനീൽകുമാറടക്കം ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഇതേ പരാതിയിൽ കേസെടുത്തിട്ടുണ്ട്.