News

ചക്കുളത്ത്കാവ് പൊങ്കാല, കലക്ടറേറ്റിൽ അവലോകന യോഗംകൂടി

ആലപ്പുഴ: ഡിസംബര്‍ 10ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 998 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പൊങ്കാല നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി. ഹരികുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ആറ് സെക്ടറിലായി ഏഴ് സിഐ, 56 എസ്‌ഐ, 130 എഎസ്ഐ, 638 പൊലീസ് കോണ്‍സ്റ്റബിള്‍, 134 വനിതാ പൊലീസ്, മഫ്തി പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് സുരക്ഷാ സേന. ക്ഷേത്ര പരിസരത്ത് പൊലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കും. ഫയര്‍ഫോഴ്സിന്റെ സറ്റാന്റ് ബൈ ഡ്യൂട്ടി സേവനം, 24 മണിക്കൂര്‍ എക്സൈസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് എന്നിവ ക്ഷേത്ര പരിസരത്തുണ്ടാകും.സിസിടിവി കാമറകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

ഹരിതപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം ഉത്സവനടത്തിപ്പെന്ന് യോഗം തീരുമാനിച്ചു. ക്ഷേത്ര പരിപാടികളോടനുബന്ധിച്ച് ഉണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വെയിസ്റ്റ് ബിന്നുകള്‍ ക്ഷേത്രപരിസരങ്ങളില്‍ സ്ഥാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും.

പൊങ്കാല ദിവസം കെഎസ്ആര്‍ടിസി 70 പ്രത്യേക സര്‍വ്വീസ് നടത്തും. തലവടി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ താല്‍ക്കാലിക ഓപ്പറേറ്റിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. തിരുവല്ല ഡിപ്പോയില്‍ നിന്നും 9, 10 തീയതികളില്‍ രാത്രി ഉള്‍പ്പെടെ സ്പെഷ്യല്‍ ചെയിന്‍ സര്‍വീസുകള്‍ നടത്തും.

നീരേറ്റുപുറം- കിടങ്ങറ റോഡില്‍ നിലവില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി നിര്‍ത്തി റോഡ് സഞ്ചാരയോഗ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ആലപ്പുഴ, പുളിങ്കുന്ന്, കാവാലം, ലിസിയോ, കിടങ്ങറ എന്നിവിടങ്ങളില്‍ നിന്നും 9, 10 തീയതികളില്‍ ജലഗതാഗതവകുപ്പും പ്രത്യേകം സര്‍വ്വീസ് ഒരുക്കിയിട്ടുണ്ട്.

പൊങ്കാലയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിനമുന്‍വര്‍ഷങ്ങളിലെ പോലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനവും സഹായസഹകരണവും ഏകീകരിച്ച് ലഭ്യമാക്കും.

അവലോകനയോഗത്തില്‍ ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ തിരുമേനി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ ഗോപാലകൃഷ്ണന്‍ നായര്‍, വിവിധ വകുപ്പു തലവന്മാര്‍, ക്ഷേത്രഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button