‘ഫ്ലാറ്റ് പൊളിക്കൽ ദേശീയ നഷ്ടം, പ്രളയത്തിന് കാരണം മരട് ഫ്ലാറ്റ് അല്ല’ ഫ്ലാറ്റ് നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ
November 30, 2019
0 90 1 minute read
ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ ഉള്ള ഉത്തരവിന് എതിരെ ജയിൻ ഹൗസിങ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി ഫയൽ ചെയ്തു.ഫ്ലാറ്റ് പൊളിക്കൽ ദേശീയ നഷ്ടമാണെന്നും 2018 ൽ കേരളത്തിൽ ഉണ്ടായ മഹാ പ്രളയത്തിന് കാരണം മരടിലെ തീരദേശ നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആണെന്നുമുള്ള സുപ്രീം കോടതി ഉത്തരവിലെ പരാമർശം തെറ്റാണെന്നും ആൽഫാ വെഞ്ച്വേഴ്സ് ഫയൽ ചെയ്ത തിരുത്തൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2018 ഓഗസ്റ്റ് 14 ന് മുമ്പ് തന്നെ കേരളത്തിലെ അണകെട്ടുകൾ നിറഞ്ഞിരുന്നു. ഓഗസ്റ്റ് 14 -16 തീയ്യതികളിൽ ഉണ്ടായ കനത്ത മഴയിൽ കൂടുതൽ ജലം അണക്കെട്ടുകളിൽ എത്തിയതോടെ പ്രതിസന്ധി മൂർച്ഛിച്ചു.പെട്ടെന്ന് ജലം തുറന്ന് വിട്ടതും സംസ്ഥാനത്തെ 79 അണക്കെട്ടുകൾ ഫലപ്രദമായി ഉപയോഗിക്കാത്തതും, കനത്ത മഴയും ആണ് പ്രളയത്തിന് കാരണം ആയത് എന്ന് കേരള ഹൈക്കോടതിയിൽ അമിക്കസ് ക്യുറി സമർപ്പിച്ച റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട് എന്നും തിരുത്തൽ ഹർജിയിൽ പറയുന്നു.
മരടിലെ തീരദേശ നിയമലംഘനം പഠിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയിട്ടില്ല. കോടതിയുടെ അനുമതി ഇല്ലാതെ ആണ് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി സമിതിയിൽ നിന്ന് വിട്ട് നിന്നത്. പലപ്പോഴും ക്വാറം പോലും തികയാതെ ആണ് സമിതി യോഗം ചേർന്നത്. ജില്ലാ കളക്ടർ പോലും പങ്കെടുക്കാത്ത യോഗങ്ങൾ ഉണ്ടായിരുന്നു.തികച്ചും നിരുത്തരവാദപരമായാണ് മൂന്നംഗ സമിതി റിപ്പോർട്ട് തയ്യാറാക്കിയത് എന്ന് തിരുത്തൽ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ ആദ്യ സിറ്റിങ്ങിന് മുമ്പ് തന്നെ സാങ്കേതിക സമിതി തയ്യാറാക്കിയ റിപ്പോർട്ട് അതേപടി പകർത്തി ആണ് കോടതിക്ക് കൈമാറിയത്. ഫ്ളാറ്റുകൾ നിലനിൽക്കുന്ന സ്ഥലം സി.ആർ.ഇസഡിന്റെ ഏത് മേഖലയിൽ ആണെന്ന് പോലും വിദഗ്ദ്ധ സമിതി പരിശോധിച്ചില്ല എന്നും നിർമ്മാതാക്കൾ കുറ്റപ്പെടുത്തുന്നു.
2011 ലെ തീര പരിപാലന വിജ്ഞാപനം പ്രകാരം തീരദേശ പരിപാലന പ്ലാനിൽ ഉണ്ടായ മാറ്റങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത് കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റിക്ക് അറിയാമായിരുന്നു. എന്നാൽ ഇവ സുപ്രീം കോടതിയിൽ നിന്ന് മറച്ച് വച്ചു. ഫ്ളാറ്റുകൾ നിലനിൽക്കുന്ന സ്ഥലം നിലവിൽ സി.ആർ.ഇസഡ് 2 ആണ്. പൊളിച്ച സ്ഥലത്ത് പുതിയ ഫ്ളാറ്റുകൾ കെട്ടിയാൽ അവ നിയമപ്രകാരം നിലനിൽക്കുന്നതാകുമെന്നും അഭിഭാഷകൻ മുഹമ്മദ് സാദ്ധിഖ് ഫയൽ ചെയ്ത തിരുത്തൽ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.