News
കൈയ്പ്പമംഗലം ദേശീയപാതയിൽ സ്കൂട്ടർ യാത്രികരായ യുവാക്കളെ വാഹനം തട്ടി മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ : കൈയ്പ്പമംഗലം ദേശീയപാതയിൽ പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കളെ വാഹനം തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ദേശം പുറനാട് സ്വദേശി പയ്യപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ (16), ആലുവ യു.സി. കോളേജ് കുട്ടൻപിള്ളി പ്രദീപിന്റെ മകൻ ദിൽജിത്ത് (17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഇരുവരും ദേശീയപാതയിൽ രക്തംവാർന്ന് കിടക്കുന്നതു കണ്ട് വഴിയാത്രക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശരീരഭാഗങ്ങളിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു. പെരിഞ്ഞനം പഞ്ചായത്തോഫീസിനു തെക്കുള്ള കപ്പേളക്കു മുൻവശമായിരുന്നു അപകടം നടന്നത്. ഇതിന് എതിർവശത്തുള്ള വീട്ടിലെ സി.സി.ടി.വി. ക്യാമറ പോലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ല. ദേശീയപാത 66-ലുള്ള മറ്റു സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചുവരുകയാണെന്ന് കയ്പമംഗലം പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ആലുവയിലേക്ക് കൊണ്ടുപോയി. കയ്പമംഗലം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇടിച്ച വാഹനം ഏതാണെന്നറിയാൻ പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.