Top Stories

വരുന്ന അഞ്ച് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ സമ്പത്ത്  വ്യവസ്ഥകളിലൊന്നായി രാജ്യത്തെ മാറ്റും-അമിത് ഷാ

മുംബൈ: കഴിഞ്ഞ അഞ്ച് വർഷങ്ങൾ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിലെ ‘വിഷാംശം ഇല്ലാതാക്കൽ’ ആയിരുന്നു, എന്നാൽ അടുത്ത അഞ്ച് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും ശക്തമായ സമ്പത്ത്  വ്യവസ്ഥകളിലൊന്നായി രാജ്യത്തെ മാറ്റുന്നതിനുള്ള പരിഷ്കരണ നടപടികളാണ് സർക്കാർ സ്വീകരിക്കുക എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ പറഞ്ഞു.  മുംബൈയിൽ നടന്ന എക്കണോമിക് ടൈംസിന്റെ കോർപ്പറേറ്റ് എക്സലൻസ് അവർഡ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയപരമായ മരവിപ്പിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ കരകയറി. 2014-ന് മുമ്പുള്ള അഴിമതിയും കുംഭകോണവും  നിറഞ്ഞ ഘട്ടത്തിൽ നിന്ന് കരുത്താർന്ന ഒരു ഘട്ടത്തിലേക്ക് നമ്മുടെ സാമ്പത്തിക വ്യവസ്ഥ എത്തിയിരിക്കുന്നു. 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ സുതാര്യവും നിർണ്ണായകവുമായ തീരുമാനങ്ങളാണ് ഇതിലേക്കെത്തിച്ചതെന്നും ഷാ പറഞ്ഞു.

നിലവിലെ സാമ്പത്തിക വേഗത കുറവ് ഒരു താത്കാലിക ഘട്ടം മാത്രമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനം സംഭാവന ചെയ്യുന്ന വ്യവസായിക മേഖല 2024 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പത്ത് വ്യവസ്ഥയാക്കാനുള്ള മോദി സർക്കാരിന്റെ വീക്ഷണവുമായി ചേർന്ന് നിൽക്കും. നിലവിലുള്ള സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും വിപണിയും വ്യവസായവും പിടിച്ച് നിൽക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ വെല്ലുവിളികളേയും സജീവമായി നേരിടാൻ സർക്കാർ ഇവരുടെ പിന്നിൽ ഉറച്ച് നിൽക്കുകയാണെന്നും ഷാ പറഞ്ഞു.

വിശാലമായ  വിപണികാരണം നിലവിൽ തന്നെ ഇന്ത്യ ആഗോള കമ്പനികളുടെ ലക്ഷ്യ സ്ഥാനമാണ്. വിദേശ നിക്ഷേപം ഇന്ന് റെക്കോർഡ് തലത്തിലാണ്. സെൻസക്സും നിഫ്റ്റിയും വരെ എല്ലാ റെക്കോർഡുകളും ഭേദിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button